എറണാകുളത്ത് ബാറിലുണ്ടായ വെടിവയ്പിൽ പ്രതികൾക്കായുള്ള തിരച്ചിൽ തുടരുന്നു

 
police jeep

കൊച്ചി: എറണാകുളത്ത് ബാറിന് നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ തുടരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തൊടുപുഴ സ്വദേശി അൻവർ ബിലാലിൻ്റെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കതൃക്കടവ് ഇടശ്ശേരി ബാറിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മദ്യം കഴിക്കാനെത്തിയ സംഘത്തിലെ ഒരാൾ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. മദ്യം വിളമ്പുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

ആക്രമണത്തിൽ ബാർ ജീവനക്കാരായ സിജിൻ, അഖിൽ എന്നിവർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഖിലിന് കാലിലും സിജിന് വയറ്റിലുമാണ് വെടിയേറ്റത്. ആക്രമണം നടന്നയുടൻ പ്രതികൾ കാറിൽ രക്ഷപ്പെട്ടു.