സീനിയർ അഡ്വ. വി.ജെ. മാത്യു രചിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മാരിടൈം ലോ- ഫ്രം ഡോക്ക് ടു ഡീപ്പ് സീ എന്ന ഗ്രന്ഥം കൊച്ചിയിൽ പ്രകാശനം ചെയ്തു
കൊച്ചി: നിർമിതബുദ്ധിയും സമുദ്രനിയമശാസ്ത്രവും തമ്മിൽ വളർന്നുവരുന്ന ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മാരിടൈം ലോ- ഫ്രം ഡോക്ക് ടു ഡീപ് സീ' എന്ന ഗ്രന്ഥം കൊച്ചിയിൽ പ്രകാശനം ചെയ്തു. പ്രമുഖ അഭിഭാഷകൻ സീനിയർ അഡ്വ. വി.ജെ. മാത്യു രചിച്ച പുസ്തകം കൊച്ചിയിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാരാണ് പ്രകാശനം ചെയ്തത്. കേരള അഡ്വക്കറ്റ് ജനറൽ അഡ്വ. കെ. ജാജു ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാജ വിജയരാഘവൻ വി. ആദ്യപ്രതി ഏറ്റുവാങ്ങി.
'വി.ജെ. മാത്യു ആൻഡ് കോ. ഇന്റർനാഷണൽ ലോ ഫേം' പ്രസിദ്ധീകരിച്ച, 360 പേജുകളും 15 അധ്യായങ്ങളുമുള്ള ഈ ഗ്രന്ഥം സമുദ്രമേഖലയിലെ എഐ, സ്വയം നിയന്ത്രിത സാങ്കേതികവിദ്യകളുടെ വളർച്ചയുമായി ബന്ധപ്പെട്ട നിയമപരവും നിയന്ത്രണപരവുമായ വെല്ലുവിളികളെക്കുറിച്ച് വിശകലനം ചെയ്യുന്നതാണ്. മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, ഗുജറാത്ത് മാരിടൈം യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ. എസ്. ശാന്തകുമാർ എന്നിവരുടെ ആമുഖക്കുറിപ്പുകൾ പുസ്തകത്തിലുണ്ട്.
നിർമിതബുദ്ധിയിലെ ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങൾക്ക് അനുസൃതമായി നിലവിലുള്ള നിയമനിർമ്മാണ ചട്ടക്കൂടുകൾ പുനർചിന്തനം ചെയ്യേണ്ടതുണ്ടെന്ന് ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ പറഞ്ഞു. യാന്ത്രിക സംവിധാനങ്ങളെ കണ്ണടച്ച് ആശ്രയിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയ അദ്ദേഹം, സാങ്കേതിക കൃത്യതയ്ക്ക് മനുഷ്യന്റെ വിവേചനബുദ്ധിക്കും ധാർമ്മിക പരിഗണനകൾക്കും പകരമാകാൻ കഴിയില്ലെന്നും വ്യക്തമാക്കി.
സ്വയം നിയന്ത്രിത കപ്പൽഗതാഗതത്തിന്റെ കാലഘട്ടത്തിൽ തെളിവുകൾ ശേഖരിക്കൽ, ഉത്തരവാദിത്തം നിർണ്ണയിക്കൽ എന്നിവയിലുണ്ടാകുന്ന പുതിയ വെല്ലുവിളികളിലേക്ക് ജസ്റ്റിസ് രാജ വിജയരാഘവൻ വി. ശ്രദ്ധ ക്ഷണിച്ചു. നിലവിലുള്ള സമുദ്ര ഉടമ്പടികൾ ഭൂരിഭാഗവും കപ്പലുകളിൽ മനുഷ്യ നിയന്ത്രണമുണ്ടെന്ന സങ്കൽപ്പത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്. എന്നാൽ ഭാവിയിൽ തീരുമാനങ്ങളെടുക്കുന്നതിലും തെളിവ് നിയമങ്ങളിലും എഐ സംവിധാനങ്ങൾ സ്വാധീനം ചെലുത്തുമെന്നതിനാൽ നിയമസമൂഹം ഇതിനായി സജ്ജമാകണമെന്ന് അദ്ദേഹം നിരീക്ഷിച്ചു. കപ്പലുകൾക്ക് നേരെ വർദ്ധിച്ചുവരുന്ന സൈബർ ആക്രമണ ഭീഷണികളെക്കുറിച്ചും സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിൽ എഐ വഹിക്കുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
റോബോട്ടിക്, എഐ സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്ന സ്വയം നിയന്ത്രിത കപ്പലുകൾ സമുദ്രയാത്രകളെ പുനർനിർവചിക്കുന്ന ഒരു പരിവർത്തന കാലഘട്ടത്തിലേക്ക് സമുദ്ര വാണിജ്യം പ്രവേശിക്കുകയാണെന്നും, ഈ സമയത്ത് ഈ പുസ്തകം പ്രസിദ്ധീകരിച്ചത് വളരെ പ്രസക്തമാണെന്നും അധ്യക്ഷപ്രസംഗത്തിൽ അഡ്വക്കറ്റ് ജനറൽ കെ. ജാജു ബാബു പറഞ്ഞു.
ചടങ്ങിൽ മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.എം. ഷഫീഖ്, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് മുൻ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ. ജയകുമാർ, മുൻ ഡിജിപി കെ. പദ്മകുമാർ ഐപിഎസ്, റവ. ഫാ. ഓസ്റ്റിൻ മുളരിയ്ക്കൽ, കേരള ഹൈക്കോടതി സീനിയർ അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എൻ. നന്ദകുമാര മേനോൻ, കേരള സ്റ്റീമർ ഏജന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വർഗ്ഗീസ് കെ. ജോർജ്ജ് എന്നിവരും നിരവധി മുതിർന്ന അഭിഭാഷകരും സമുദ്ര വ്യവസായ മേഖലയിലെ പ്രമുഖരും പങ്കെടുത്തു.
സമുദ്രമേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങളും നിലവിലുള്ള നിയമ സംവിധാനങ്ങളും തമ്മിലുള്ള വിടവ് നികത്താനുള്ള ശ്രമമാണ് ഈ പുസ്തകമെന്ന് സീനിയർ അഡ്വ. വി.ജെ. മാത്യു മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഗവേഷണ തീവ്രമായ ഈ ദൗത്യം പൂർത്തിയാക്കാൻ പിന്തുണ നൽകിയ സഹപ്രവർത്തകർക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും അദ്ദേഹം നന്ദി അറിയിച്ചു. തുടർന്നും താൻ സമുദ്രനിയമ പഠനശാഖയ്ക്ക് കൂടുതൽ സംഭാവനകൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോട്ടോ ക്യാപ്ഷൻ: വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ മുൻ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഡോ. ജയകുമാർ, സീനിയർ അഡ്വക്കേറ്റും മാരിടൈം നിയമവിദഗ്ധനുമായ വി.ജെ. മാത്യു, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, കേരള അഡ്വക്കേറ്റ് ജനറൽ സീനിയർ അഡ്വക്കേറ്റ് കെ. ജാജു ബാബു, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാജ വിജയരാഘവൻ വി., കേരള ഹൈക്കോടതിയിലെ മുൻ ജഡ്ജി ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവർ പുസ്തക പ്രകാശന വേദിയിൽ
--