മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഇടുക്കി എംഎൽഎയുമായ ജോസ് കുറ്റിയാനി അന്തരിച്ചു

 
Kerala

ഇടുക്കി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഇടുക്കി എംഎൽഎയുമായ ജോസ് കുറ്റിയാനി (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. 

ഇടുക്കി ജില്ല രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ഡിസിസി പ്രസിഡന്റായിരുന്നു ജോസ് കുറ്റിയാനി. 1980ലും 1982ലും ഇടുക്കി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലെത്തി. 

ഹൈക്കോടതി അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം എഐസിസി അംഗം, കെപിസിസി നിർവാഹക സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഇടുക്കിയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. 

മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ അടുത്ത അനുയായിയായിരുന്ന ജോസ് കുറ്റിയാനി ഇടക്കാലത്ത് കോൺഗ്രസ് വിട്ടെങ്കിലും പിന്നീട് പാർട്ടിയിൽ തിരിച്ചെത്തിയിരുന്നു. 2009ൽ എൻസിപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി ലോക്സഭയിലേക്ക് മത്സരിക്കുകയും പിന്നീട് തൃണമൂൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി പ്രവർത്തിക്കുകയും ചെയ്തു. 

സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും.