പി.എസ്.സി ബുള്ളറ്റിനിൽ ഗുരുതര വീഴ്ച; അവാർഡ് ജേതാവിന് പകരം കൊലക്കേസ് പ്രതിയുടെ ചിത്രം, പരാതിയുമായി ഉദ്യോഗാർഥി
കേരള പി.എസ്.സി പുറത്തിറക്കിയ ഔദ്യോഗിക ബുള്ളറ്റിനിൽ ഗുരുതര പിഴവ് സംഭവിച്ചതിനെ തുടർന്ന് വിവാദം. കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഭാഗത്തിൽ, മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നേടിയ രാജേഷ് തില്ലങ്കേരിയുടെ ചിത്രത്തിന് പകരം ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ചിത്രമാണ് അച്ചടിച്ചുവന്നത്. ഇതേ പേജിൽ നടൻ മോഹൻലാൽ ഉൾപ്പെടെയുള്ള മറ്റ് അവാർഡ് ജേതാക്കളുടെ ചിത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.
പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾ പഠനസഹായമായി വ്യാപകമായി ഉപയോഗിക്കുന്ന പ്രസിദ്ധീകരണത്തിലാണ് ഈ പിഴവ് സംഭവിച്ചത്. ഔദ്യോഗിക രേഖയിൽ ഇത്തരമൊരു ഗുരുതര വീഴ്ച ഉണ്ടായത് പി.എസ്.സിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരു ഉദ്യോഗാർഥി പരാതി നൽകിയിട്ടുണ്ട്.
സംഭവം വിവാദമായതോടെ പി.എസ്.സി പിഴവ് സമ്മതിച്ചു. സാങ്കേതികമായോ എഡിറ്റോറിയൽ തലത്തിലോ എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് വിശദീകരിച്ചിട്ടില്ലെങ്കിലും തെറ്റ് തിരുത്തിയതായി അധികൃതർ അറിയിച്ചു. ഇത്തരമൊരു പിഴവ് ആവർത്തിക്കാതിരിക്കാൻ ആഭ്യന്തര പരിശോധനയും ആരംഭിച്ചതായാണ് വിവരം.
ഉദ്യോഗാർഥികൾക്ക് കൃത്യവും വിശ്വസനീയവുമായ വിവരങ്ങൾ നൽകേണ്ട ഔദ്യോഗിക പ്രസിദ്ധീകരണത്തിൽ ഇത്തരം പിഴവുകൾ സംഭവിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന വിമർശനം. സംഭവത്തിൽ ഉത്തരവാദിത്തം നിശ്ചയിച്ച് നടപടിയെടുക്കണമെന്നും പി.എസ്.സിയുടെ പ്രസിദ്ധീകരണങ്ങളിലെ വിവരങ്ങൾ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കണമെന്നും ആവശ്യം ശക്തമായിരിക്കുകയാണ്.