സർവ്വീസ് ബസ്സ് വിലപ്പന : പ്രവാസി വനിതയെ കബളിപ്പിച്ച് 17 ലക്ഷം തട്ടിയതായി പരാതി
വിൽപ്പന നടത്തിയ ബസ്സ് ആദ്യ ഉടമ തന്നെ മോഷ്ടിച്ചെന്നും ആരോപണം
കുമരകം : സർവ്വീസ് ബസ്സ് വിൽപ്പനയുടെ പേരിൽ പ്രവാസി മലയാളിയായ സ്ത്രീയുടെ 17 ലക്ഷം രൂപ കബളിപ്പിച്ചതായി പരാതി. മാടപ്പളളി സ്വദേശിയായ ഷേർളി ജേയ്ക്കബിനെ ബസ്സ് ഉടമയായ ചാന്നാനിക്കാട് സ്വദേശി റ്റി.സി തോമസ് തകടിയേൽപറമ്പിൽ കബളിപ്പിച്ചതായാണ് പരാതി. കോട്ടയം ഈസ്റ്റ് പോലീസിൽ ഇതുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പരാതികൾ നൽകിയതായും പോലീസ് ഇടപെടൽ കാര്യമായി നടക്കാത്തതിന്റെ പേരിൽ കോടതിയെ സമീപിച്ചെന്നും ഇതിന്റെ ഭാഗമായി മാത്രമാണ് പോലീസ് തങ്ങളുടെ പരാതിയിൽ എഫ്.ഐ.ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തതെന്നും ഷേർളി ജേയ്ക്കബ് പറഞ്ഞു. വിൽപ്പന നടത്തിയ ബസ്സ് മോഷ്ടിച്ചു കൊണ്ട് പോയ ശേഷം ആദ്യ ഉടമ മെറ്റോരു ബസ്സ് ഉപയോഗിച്ച് സർവ്വീസ് നടത്തുന്ന വിചിത്രമായ കച്ചവട രീതിയാണ് പ്രവാസി മലയാളിക്ക് ലഭിച്ചത്.
സാമ്പത്തിക വിഷയമായതിനാലാണ് പോലീസ് ഇടപെടൽ നടത്താതെ ഇരുന്നതെന്നും കോട്ടയം ഈസ്റ്റ് പോലീസ് പറഞ്ഞു. മോഷ്ടിച്ചുവെന്ന് പറയുന്ന ബസ്സിന്റെ ആർ.സി ഒണറും പെർമിറ്റ് ഉടമയുമായ വ്യക്തിയാണ് ബസ്സ് എടുത്തു കൊണ്ടു പോയതെന്ന് ആരോപിക്കപ്പെടുന്നതെന്നും പോലീസ ചൂണ്ടിക്കാട്ടി.
കുമരകം - അട്ടിപ്പീടിക - മെഡിക്കൽ കോളേജ് റൂട്ടിൽ സർവ്വീസ് നടത്തി വരുന്ന കെ.എൽ 34 5441 നമ്പർ ലൈലാന്റ് ബസ്സും അതിന്റെ റൂട്ട് പെർമിറ്റും സഹിതം 25 ലക്ഷം രൂപയ്ക്കാണ് വിൽപ്പന നടന്നത്. എന്നാൽ 17 ലക്ഷം രൂപ കൈപ്പറ്റിയ റ്റി.സി തോമസ് പെർമിറ്റ് പേര് മാറുന്നതിനായി ഷേർളി ജേയ്ക്കബുമായി കോട്ടയം ആർ.ടി.ഒ യ്ക്ക് മുന്നിൽ സംയുക്തമായി അപേക്ഷ നൽകുകയും തുടർന്ന് ഷേർളി ജേയ്ക്കബ് അറിയാതെ ഇതിന് ഒബ്ജക്ഷൻ അപേക്ഷ നൽകുകയും അതോടൊപ്പം ഈ പെർമിറ്റ് മെറ്റൊരു ബസ്സിലേയ്ക്ക് മാറ്റുവാനുള്ള അപേക്ഷ നൽകുകയും ചെയ്തതോടെയാണ് തങ്ങള കബളിപ്പിക്കപ്പെട്ട വിവരം ഷേർളി ജേയ്ക്കബ് അറിയുന്നത്.
ബസ്സ് വാങ്ങി ഏതാനും ആഴ്ചകളോളം ബസ്സിന്റെ സർവ്വീസ് തങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ തങ്ങൾക്ക് വിൽപ്പന ചെയ്ത ബസ്സ് തോമസ് മോഷ്ടിച്ചു കൊണ്ടു പോകുകയും പെർമിറ്റ് ഉടമ എന്ന രീതിയിൽ മെറ്റൊരു ബസ്സ് ഉപയോഗിച്ച് സർവ്വീസ് നടത്തിവരികയുമാണ്. തങ്ങൾ സർവ്വീസ് നടത്തിയിരുന്ന സമയത്ത് ബസ്സിൽ കയറി പ്രശ്നങ്ങള സൃഷ്ടിക്കുകയും ഒരു സ്ത്രീയെന്ന പരിഗണന നൽകാതെ എന്റെ കയ്യിൽ കടന്ന് പിടിച്ച് വഴക്ക് ഉണ്ടാക്കിയ സംഭവത്തിലും കോട്ടയത്ത് കേസ് നൽകിയതായും ഷേർഷി ജേയ്ക്കബ് പറഞ്ഞു. സിനിമാക്കഥയെ വെല്ലുന്ന തരത്തിൽ ഇതിന് മുമ്പും റ്റി.സി.തോമസ് ബസ്സ് വിൽപ്പനയിൽ മറ്റ് പലരെയും കബളിപ്പിച്ചിട്ടുണ്ടെന്നും അതിന്റെ കേസുകൾ ഹൈക്കോടതിയിൽ നിലനിൽക്കുന്നതായും ഷേർളി ജേയ്ക്കബ് ആരോപിക്കുന്നു.