തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം: നിര്‍ണായക ഇടപെടലുമായി വനിത ശിശു വികസന വകുപ്പ്

പോഷ് നിയമത്തില്‍ അവബോധം ശക്തമാക്കാന്‍ സിനിമാ മേഖലയില്‍ പരിശീലന പരിപാടി

സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

 
Veena

തിരുവനന്തപുരം: സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍ പോഷ് നിയമത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ജെന്‍ഡര്‍ പാര്‍ക്കിന്റെ സഹായത്തോടുകൂടി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആദ്യഘട്ടമായി സിനിമാ വ്യവസായത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള 60 പേരെ ഉള്‍പ്പെടുത്തിയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 3 വ്യാഴാഴ്ച രാവിലെ 11 മണിക്ക് മസ്‌കറ്റ് ഹോട്ടലില്‍ വച്ച് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിക്കും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ അദ്ധ്യക്ഷത വഹിക്കും. സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

സ്ത്രീകള്‍ വളരെ കൂടുതലായി തൊഴില്‍ രംഗത്തേക്ക് കടന്നുവരുന്ന കാലമാണിത്. സ്ത്രീ പുരുഷ തുല്യതയും തുല്യ അവകാശങ്ങളും ഭരണഘടന വാഗ്ദാനം ചെയ്യുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വിവിധ തരത്തിലുള്ള പ്രശ്നങ്ങളില്‍ നിന്നും അവര്‍ക്ക് സംരക്ഷണം നല്‍കുകയും കുറ്റക്കാര്‍ക്കെതിരെ ശിക്ഷ ഉറപ്പുവരുത്തുകയും ചെയ്തുകൊണ്ട് സുരക്ഷിതമായ ഒരു തൊഴില്‍ അന്തരീക്ഷം സംജാതമാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയ ഒരു കേന്ദ്ര നിയമമാണ് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമം (തടയലും നിരോധിക്കലും പരിഹാരവും) നിയമം 2013 (പോഷ് ആക്ട്).

തൊഴിലിടങ്ങളിലെ വിവിധ മേഖലകളിലുള്ള എല്ലാവര്‍ക്കും തുല്യ നീതിയും അവസരവും ഉറപ്പാക്കുന്നതിനും സുസ്ഥിര മാറ്റത്തിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശക്തികളാകാന്‍ സ്ത്രീ പുരുഷ ഭേദമെന്യേ, ഏവരേയും ബോധവത്കരിക്കേണ്ടതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സംസ്‌കാരം സൃഷ്ടിക്കേണ്ടതുമുണ്ട്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി പോഷ് ആക്ട് 2013ന്റേയും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റേയും വെളിച്ചത്തില്‍ ഏതാണ്ട് മുപ്പതോളം വിഭാഗത്തില്‍പ്പെട്ട ആളുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഒരു സിനിമ രൂപപ്പെടുമ്പോള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിയെടുക്കുന്ന എല്ലാവര്‍ക്കും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇത് കണക്കിലെടുത്തുകൊണ്ട് തന്നെ സിനിമാ വ്യവസായ മേഖലയെ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വനിത ശിശുവികസന വകുപ്പ് മുഖേന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഈ സര്‍ക്കാര്‍ വലിയ പ്രധാന്യമാണ് നല്‍കുന്നത്. 2023 ജനുവരിയില്‍ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് എതിരേയുള്ള ലൈംഗികാതിക്രമം തടയുന്നതിനായി, പോഷ് ആക്ട് പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പോഷ് പോര്‍ട്ടല്‍ ആരംഭിച്ചു. ആ ഘട്ടത്തില്‍ നാമമാത്രമായ വകുപ്പുകളിലും ആയിരത്തോളം സ്ഥാപനങ്ങളിലും മാത്രമായിരുന്നു നിയമപ്രകാരം ഇന്റേണല്‍ കമ്മിറ്റികള്‍ ഉണ്ടായിരുന്നത്.

എന്നാല്‍ പരമാവധി സ്ഥാപനങ്ങളില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന് 2024 ഓഗസ്റ്റില്‍ വകുപ്പ് ജില്ലാ അടിസ്ഥാനത്തില്‍ ക്യാമ്പയിന്‍ ആരംഭിച്ചു. പോഷ് ആക്ട് പ്രകാരം സംസ്ഥാനത്തെ 95 സര്‍ക്കാര്‍ വകുപ്പുകളിലെ പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. കാല്‍ ലക്ഷത്തിലധികം സ്ഥാപനങ്ങളെ രജിസ്‌ട്രേഷന്‍ ചെയ്യിപ്പിക്കാനുമായി. സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളേയും രജിസ്റ്റര്‍ ചെയ്യിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.