ഷഹബാസ് വധക്കേസ്; പ്രതികളായ ആറ് വിദ്യാർത്ഥികളുടെ എസ്എസ്എൽസി പരീക്ഷാഫലം തടഞ്ഞു

 
Crm
Crm

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ ആറ് വിദ്യാർത്ഥികളുടെ എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല. കേസിൽ പ്രതികളായതിനാൽ അവരുടെ എസ്എസ്എൽസി പരീക്ഷാഫലം തടഞ്ഞുവച്ചിട്ടുണ്ട്. എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിച്ചത് നേരത്തെ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും പരീക്ഷാ കേന്ദ്രങ്ങളിൽ ശക്തമായി പ്രതിഷേധിച്ചിരുന്നു.

പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഏതാനും ദിവസങ്ങൾക്ക് മുമ്പ് തള്ളിയിരുന്നു. വിദ്യാർത്ഥികളെ വിട്ടയച്ചാൽ സുരക്ഷാ ഭീഷണിയും ക്രമസമാധാന പ്രശ്നവും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. നിലവിൽ അവർ വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിലാണ്.

കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയും ജുവനൈൽ ജസ്റ്റിസ് ബോർഡും ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. താമരശ്ശേരി ചുങ്കം പുല്ലരിക്കുന്നിലെ ഇഖ്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ് (15) ഫെബ്രുവരി 28 ന് വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സമയത്ത് മരിച്ചു. താമരശ്ശേരി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. താമരശ്ശേരി ജിവിഎച്ച്എസ്എസിലെ ആറ് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.