യുദ്ധസാഹചര്യത്തിൽ കൊച്ചിയിൽ അഭയം; ഇറാനിയൻ നാവികസേനാ കപ്പൽ ആറുമാസമായി തുറമുഖത്ത്
കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾക്കിടെ കൊച്ചി തുറമുഖത്ത് അഭയം തേടിയ ഇറാനിയൻ നാവികസേനാ കപ്പൽ ‘ഐ.ആർ.ഐ.എസ് ലാവൻ’ ആറുമാസം പിന്നിട്ടിട്ടും കൊച്ചിയിൽ തുടരുന്നു. സാങ്കേതിക തകരാറുകളും യുദ്ധബാധിത മേഖലയിലെ സാഹചര്യമുമാണ് കപ്പലിന്റെ മടക്കയാത്ര വൈകാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
യുവ കേഡറ്റുകൾ ഉൾപ്പെടെ 183 ജീവനക്കാരുമായാണ് കപ്പൽ കൊച്ചിയിലെത്തിയത്. പിന്നീട് ഭൂരിഭാഗം ജീവനക്കാരെയും നാട്ടിലേക്ക് തിരിച്ചയച്ചെങ്കിലും കപ്പലിന്റെ പ്രവർത്തനവും സുരക്ഷയും ഉറപ്പാക്കുന്നതിനായി രണ്ട് ഡസനിലധികം ജീവനക്കാർ ഇപ്പോഴും കപ്പലിൽ തുടരുന്നുണ്ട്.
വിശാഖപട്ടണത്ത് നടന്ന ഇന്റർനാഷണൽ ഫ്ലീറ്റ് റിവ്യൂ, മിലൻ 2026 നാവികാഭ്യാസം എന്നിവ പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് കപ്പൽ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് കൊച്ചി തീരത്തേക്ക് എത്തിയത്. ഇതിനിടെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണമാകുകയും ചെയ്തു.
കപ്പലിന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ മേൽനോട്ടത്തിലാണ്. സാങ്കേതിക തകരാറുകളും യുദ്ധസാഹചര്യവും പരിഗണിച്ചാണ് ഇന്ത്യ മാനുഷിക പരിഗണനയിൽ കപ്പലിന് അഭയം നൽകിയതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.