സിദ്ധാർത്ഥിൻ്റെ മരണം: സിബിഐക്ക് അന്വേഷണം കൈമാറുന്നതിൽ ഗുരുതര വീഴ്ച വരുത്തി

പ്രഫോർമ റിപ്പോർട്ട് തയ്യാറാക്കുന്നതിലും കാലതാമസം
 
sidharth

തിരുവനന്തപുരം: വെറ്ററിനറി വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിടുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. മാർച്ച് ഒമ്പതിനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.

എന്നാൽ അന്വേഷണത്തിൻ്റെ റിപ്പോർട്ട് സംസ്ഥാന പൊലീസ് ഇതുവരെ സിബിഐക്ക് കൈമാറിയിട്ടില്ല. ചട്ടം അനുസരിച്ച്, എഫ്ഐആറിൻ്റെ വിവർത്തനം പ്രൊഫോർമ റിപ്പോർട്ടിൽ ഉണ്ടായിരിക്കണം, കൂടാതെ ഒരു ഡിവൈഎസ്പി രേഖകൾ ഡൽഹിയിൽ എത്തിക്കണം.

എന്നാൽ കഴിഞ്ഞ ദിവസമാണ് പൊലീസ് പ്രഫോർമ റിപ്പോർട്ട് തയാറാക്കാൻ തുടങ്ങിയതെന്നാണ് ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണം സിബിഐക്ക് വിടുമെന്ന് സിദ്ധാർഥിൻ്റെ അച്ഛൻ ജയപ്രകാശിനെ അറിയിച്ചത്.

ഈ നടപടി വലിയ നേട്ടമായി സർക്കാർ ഉയർത്തിക്കാട്ടിയിരുന്നു. കേസിൽ പ്രതികളാക്കപ്പെട്ട എസ്എഫ്ഐ പ്രവർത്തകരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന ആക്ഷേപം സി.ബി.ഐക്ക് കൈമാറുന്നതിലൂടെ മറികടക്കാനാകുമെന്നാണ് ഭരണപക്ഷം കരുതുന്നത്.

അതേസമയം മകൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ആരോപിച്ച് ജയപ്രകാശ് പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി ഇന്ന് ചർച്ച നടത്തി. അന്വേഷണം ഇനിയും വൈകിയാൽ ക്ലിഫ് ഹൗസിന് മുന്നിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.