കേരളത്തിൽ സാമൂഹിക ഇടപെടൽ കുറഞ്ഞുവരുന്നതായി ഡി.ജി.പി സഞ്ജീവ് കുമാർ പട്ജോഷി
![human rights](https://timeofkerala.com/static/c1e/client/98493/uploaded/73df6f0356341fa117820107e55861f9.png)
തിരുവനന്തപുരം: മൊബൈൽ ഫോണിന്റെ ഉപയോഗം കാരണം കേരളീയ സമൂഹത്തിൽ സാമൂഹിക ഇടപെടൽ കുറഞ്ഞുവരുന്നതായി മനുഷ്യാവകാശ കമ്മീഷൻ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറൽ സ്ഥാനത്ത് നിന്നും ഇന്ന് (31/12/2024) വിരമിക്കുന്ന ഡോ.സഞ്ജീവ്കുമാർ പട്ജോഷി.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മൊബൈൽ ഫോണിലും വാട്സ് ആപ്പിലും സമയം ചെലവിടുന്നതിന് പകരം പരസ്പരം കാണാനും സംസാരിക്കാനും ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പരസ്പര ബന്ധവും സൗഹൃദവും സ്നേഹവും കൈമാറാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം മലയാളികളുടെ ആതിഥ്യമര്യാദ എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും സ്വീകരിക്കാനുള്ള മനസ് മലയാളികൾക്കുണ്ട്.
സത്യസന്ധമായി ജോലിചെയ്യാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ മൂലധനമെന്ന് ഡോ. സഞ്ജീവ്കുമാർ പട്ജോഷി പറഞ്ഞു. ചടങ്ങിൽ അധ്യക്ഷയായിരുന്ന കമ്മീഷൻ സെക്രട്ടറി കെ.ആർ സുചിത്ര ഉപഹാരം കൈമാറി. അന്വേഷണ വിഭാഗത്തിന്റെ ഉപഹാരം എസ്.പി ബിജോ അലക്സാണ്ടർ കൈമാറി. ഫിനാൻസ് ഓഫീസർ തുഷാര ജോർജ്, ഡി.വൈ.എസ്.പി എസ്.എസ്. സുരേഷ്കുമാർ, പി.ആർ.ഒ പി.എം. ബിനുകുമാർ, അസിസ്റ്റന്റ് ലീഗൽ ഓഫീസർ സി.എൻ. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.