കേരളത്തിന്‌ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിക്കണം: ധനമന്ത്രി കെ എൻ ബാലഗോപാൽ

 
KN Balagopal
ന്യൂ ഡൽഹി: കേരളത്തിന്‌ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌ അനുവദിക്കണമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. ഇത്‌ അടുത്ത കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കണം. മനുഷ്യവിഭവ വികസനം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, സ്‌റ്റാർട്ടപ്പ്‌, നൂതനത്വം തുടങ്ങിയ മേഖലയിൽ രാജ്യത്തിന്‌ അഭിമാനകരമായ നിലയിലുള്ള നേട്ടങ്ങൾ കേരളത്തിനുണ്ട്‌. അവ നിലനിർത്തുന്നതിനും കൂടുതൽ മുന്നേറുന്നതിനും സഹായകമായ നിലയിലുള്ള സാമ്പത്തിക സഹായം ആവശ്യമാണ്‌. നിലവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസങ്ങളും മറികടക്കാൻ ഉതകുന്ന നിലയിൽ രണ്ട്‌ വർഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായമാണ്‌ കേരളം തേടിയത്‌. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ പ്രീ ബജറ്റ്‌ ചർച്ചകളുടെ ഭാഗമായി വിളിച്ചുചേർത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിണ്‌ ആവശ്യം ഉന്നയിച്ചത്‌. 
 കോവിഡ്‌ ആഘാതത്തിൽനിന്ന്‌ കരകയറാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക്‌ കേന്ദ്ര സർക്കാരിന്റെ പല നയങ്ങളും നടപടികളും തടസ്സമാകുന്നു. കേരളത്തിന്‌ നിയമപ്രകാരം അർഹതപ്പെട്ട പരിധയിലുള്ള വായ്‌പ പോലും എടുക്കാൻ അനുവാദം ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്ന്‌ ധനമന്ത്രി വ്യക്തമാക്കി. പബ്ലിക്‌ അക്കൗണ്ടിലെ തുകയും, സർക്കാർ സ്ഥാപനങ്ങൾ എടുക്കുന്ന വായ്‌പയും സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധിയിൽപ്പെടുത്തി, വായ്‌പാനുവാദത്തിൽ വെട്ടിക്കുറവ്‌ വരുത്തുന്നു. ഇതുമൂലം ഈ വർഷവും അടുത്തവർഷവും 5710 കോടി രൂപ വീതമാണ്‌ വായ്‌പയിൽ കുറയുന്നത്‌. കിഫ്‌ബിയുടെയും പെൻഷൻ കമ്പനിയുടെയും മുൻകാല കടങ്ങളെ ഈ വർഷത്തെയും അടുത്ത വർഷത്തെയും വായ്‌പാനുവാദത്തിൽനിന്ന്‌ കുറയ്‌ക്കുകയെന്ന നിലപാടാണ്‌ കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളത്‌. എന്നാൽ, ദേശീയപാതാ വികസനത്തിന്‌ ആവശ്യമായ ഭൂമി ഏറ്റെടുക്കലിന്റെ ചെലവിന്റെ 25 ശതമാനമായ ഏതാണ്ട്‌ 6000 കോടി രൂപ നൽകേണ്ടിവന്ന ഏക സംസ്ഥാനവും കേരളമാണെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി. ഇതിന്‌ തുല്യമായ തുക ഈവർഷം ഉപാധിരഹിതമായി കടം എടുക്കാൻ അനുവദിക്കണം.  
പത്താം ധനകാര്യ കമീഷൻ ശുപാർശ ചെയ്‌ത 3.875 ശതമാനം കേന്ദ്ര നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമീഷൻ 1.92 ശതമാനമായി വെട്ടിച്ചുരുക്കിയതിലൂടെ സംസ്ഥാനത്തിന്റെ വരുമാനത്തിൽ വലിയ കുറവുണ്ടായി. ജിഎസ്‌ടി നഷ്ടപരിഹാരം വെട്ടിക്കുറച്ചതും, റവന്യു കമ്മി ഗ്രാന്റ്‌ അവസാനിക്കുന്നതും കടം എടുക്കുന്നത്‌ വലിയതോതിൽ വെട്ടിക്കുറച്ചതും സംസ്ഥാനത്തിന്‌ വലിയ സാമ്പത്തിക പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. പ്രത്യേക പാക്കേജ്‌ തീരുമാനത്തിനായി ഇവയെല്ലാം പരിഗണിക്കണം. 
ഒപ്പം, ഈവർഷത്തെ കടമെടുപ്പ്‌ പരിധി ജിഎസ്‌ഡിപിയുടെ മൂന്നര ശതമാനമായി ഉയർത്തണം. ഉപാധിരഹിത കടമെടുപ്പ്‌ അനുവാദവും ഉറപ്പാക്കണം. കിഫ്‌ബി, പെൻഷൻ കമ്പനി എന്നിവ മുൻവർഷങ്ങളിൽ എടുത്ത വായ്‌പ ഈവർഷത്തെയും അടുത്തവർഷത്തെയും കടപരിധിയിൽ കുറയ്‌ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം. ജിഎസ്‌ടിയിലെ കേന്ദ്ര – സംസ്ഥാന നികുതി പങ്ക്‌ വയ്‌ക്കൽ അനുപാതം നിലവിലെ 60:40 എന്നത്‌ 50:50 ആയി പുനർനിർണയിക്കണം. 
5000 കോടിയുടെ വിസിൽ പാക്കേജ്‌ വേണം
മുലധന നിക്ഷേപ മേഖലയിൽ കേരളം ഗണ്യമായ മുന്നേറ്റമാണ്‌ നടത്തുന്നത്‌. രാജ്യത്തിന്റെ വികസനത്തിൽ നിർണായ പങ്ക്‌ വഹിക്കാൻ ഉതകുമെന്ന്‌ പ്രതീക്ഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെയും തുറമുഖ മേഖലയുടെയും വികസനത്തിന്‌ സംസ്ഥാനത്തിന്റെ ഭാഗമായി വലിയ തുക മുടക്കേണ്ടതുണ്ട്‌. അതിനാൽ കേന്ദ്ര ബജറ്റിൽ 5000 കോടി രൂപയുടെ ‘വിസൽ പാക്കേജ്‌’ പ്രഖ്യാപിക്കണം. 
 കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്ക പാതയുടെ നിർമ്മാണം ഉൾപ്പെടെ പദ്ധതികൾക്കായും അടിയന്തിരമായി 5000 കോടി രൂപ വേണം. കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം ബജറ്റിൽ പ്രഖ്യാപിച്ച മൂലധന നിക്ഷേപ വായ്‌പാ പദ്ധതിയിൽനിന്ന്‌ കേരളത്തിന്‌ സഹായമൊന്നും ലഭിച്ചിട്ടുമില്ല എന്നതും പരിഗണിക്കണം. 
സിൽവർലൈനിന്‌ അനുമതി നൽകണം
സംസ്ഥാനം മുന്നോട്ടുവച്ചിട്ടുള്ള സെമി ഹൈസ്‌പീഡ്‌ റെയിൽ പദ്ധതിക്ക്‌ (സിൽവർലൈൻ) എത്രയും പെട്ടെന്ന്‌ എല്ലാ അനുമതികളും ലഭ്യമാക്കണം. വർധിച്ചുവരുന്ന റെയിൽ ഗതാഗത ആവശ്യങ്ങൾ കുറ്റമറ്റ നിലയിൽ നിറവേറ്റാൻ നിലവിലെ റെയിൽ സംവിധാനങ്ങൾക്ക്‌ കഴിയുന്നില്ലെന്നത്‌ അർദ്ധ അതിവേഗ പാതയുടെ നിർമ്മാണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നുവെന്നതും പരിഗണിക്കണം. നിലിവിലുള്ള റെയിൽ സംവിധാനങ്ങളുടെ മെച്ചപ്പെടുത്തലിനായുള്ള പദ്ധതികളും വേണം. കൂടുതൽ എകസ്‌പ്രസ്‌, പാസഞ്ചർ ട്രയിനുകൾ അനുവദിക്കണം.
 
ഓണറേറിയങ്ങൾ ഉയർത്തണം
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം നിലവിലെ 60 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്തണം. കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പിലും മാനദണ്ഡ രൂപീകരണത്തിലും സംസ്ഥാനങ്ങൾക്ക്‌ അധികാരം ഉറപ്പാക്കണം. ഭക്ഷ്യസുരക്ഷാ പദ്ധതിക്കുകീഴിലെ ഭക്ഷ്യധാന്യങ്ങളുടെ സംസ്ഥാനാന്തര ചരക്കുകൂലിയും കൈകാര്യച്ചെലവും റേഷൻ വ്യാപരികളുടെ കമീഷനും വർധിപ്പിക്കണം. ആശ, അങ്കണവാടി ഉൾപ്പെടെ വിവിധ സ്‌കീം തൊഴിലാളികളുടെയും പ്രവർത്തകരുടെയും ഓണറേറിയം ഉയർത്തണം. എൻഎസ്‌എപിയിലെ ക്ഷേമ പെൻഷൻ തുകകൾ, സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകച്ചെലവ്‌, ഭവന നിർമ്മാണ പദ്ധതികളിലെ കേന്ദ്ര സർക്കാർ വിഹിതം തുടങ്ങിയവയും ഉയർത്തണം. 
കേന്ദ്ര സർക്കാർ നടപ്പാക്കിയ സ്‌ക്രാപ്പ്‌ പോളിസിയുടെ ഭാഗമായി സംസ്ഥാനത്ത്‌ ഫയർ സർവീസിലെ 220 വാഹനങ്ങൾ, ആരോഗ്യ വകുപ്പിലെ ആംബുലൻസുകൾ അടക്കം 800 വാഹനങ്ങൾ, പൊലീസ്‌ സേനയുടെ നിരവധി വാഹനങ്ങൾ ഉൾപ്പെടെ കാലഹരണപ്പെട്ടിരിക്കുകയാണ്‌. ഇവയ്‌ക്ക്‌ പകരം വാഹനങ്ങൾ വാങ്ങാൻ കേന്ദ്ര സഹായം വേണം. 
കേരളം കാലകാലങ്ങളായി ആവശ്യപ്പെടുന്ന എയിംസ്‌, കണ്ണൂർ ഇന്റർനാഷണൽ ആയൂർവേദ റിസർച്ച്‌ ഇൻസിറ്റിറ്റ്യൂട്ട്‌ തുടങ്ങിയ ഈ ബജറ്റിൽ പ്രഖ്യാപിക്കണം. റബറിന്റെ താങ്ങുവില 250 രൂപയായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണം. തലശേരി – മൈസുരു, നിലമ്പൂർ – നഞ്ചൻഗോഡ്‌ റെയിൽ പാതകളുടെ സർവെയും വിശദ പദ്ധതിരേഖ തയ്യാറാക്കലും നടപടികൾ ആരംഭിക്കണം.  
കേന്ദ്ര ബജറ്റിൽ വിലക്കയറ്റം, തൊഴിലില്ലായ്‌മ, ദാരിദ്രം, സാമ്പത്തിക രംഗത്ത്‌ മൊത്തത്തിൽ ഡിമാണ്ടിൽ അടക്കമുണ്ടായിട്ടുള്ള മരവിപ്പ്‌, അടിസ്ഥാന സൗകര്യങ്ങളിലെ കുറവ്‌ തുടങ്ങിയവ നേരിടാനുള്ള ഊന്നലുകൾ ബജറ്റിലുണ്ടാകണമെന്ന്‌ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.