സെൻസസ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് പ്രത്യേക അവധി; കേരള സർക്കാർ ഉത്തരവിറക്കി
സംസ്ഥാനത്ത് സെൻസസ് പ്രവർത്തനങ്ങളിൽ നിയോഗിക്കപ്പെട്ട സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ച് കേരള സർക്കാർ ഉത്തരവിറക്കി. സെൻസസ് ചുമതല നിർവഹിക്കുന്നതിനായി ജീവനക്കാർക്ക് പ്രത്യേക അവധി ലഭ്യമാക്കുന്നതിലൂടെ പ്രവർത്തനങ്ങൾ സുഗമമായി പൂർത്തിയാക്കുകയാണ് ലക്ഷ്യം.
2027-ലെ ജനസംഖ്യാ സെൻസസിന്റെ ആദ്യഘട്ടമായ ഭവന പട്ടികയും ഭവന സെൻസസും കേരളത്തിൽ 2026 ജൂലൈ 1 മുതൽ 30 വരെയാണ് നടക്കുന്നത്. ഇതിന് മുന്നോടിയായി ജൂൺ 16 മുതൽ 30 വരെ സ്വയം വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള (Self-enumeration) സംവിധാനവും ഒരുക്കിയിരുന്നു.
സെൻസസ് ജോലിക്കായി നിയോഗിക്കപ്പെടുന്ന ജീവനക്കാർക്ക് ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ ആവശ്യമായ ദിവസങ്ങളിൽ പ്രത്യേക അവധി അനുവദിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. സെൻസസ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഭരണപരമായ പിന്തുണയും ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
സെൻസസ് നിയമപ്രകാരം പൊതുജനങ്ങൾ കൃത്യമായ വിവരങ്ങൾ നൽകുകയും സെൻസസ് ഉദ്യോഗസ്ഥരുമായി സഹകരിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്. തെറ്റായ വിവരങ്ങൾ നൽകുകയോ സെൻസസ് നടപടികൾ തടസ്സപ്പെടുത്തുകയോ ചെയ്താൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും സർക്കാർ ഓർമ്മിപ്പിച്ചിട്ടുണ്ട്.
രാജ്യത്തെ വികസന പദ്ധതികൾക്കും ക്ഷേമപദ്ധതികൾ രൂപീകരിക്കാനും അടിസ്ഥാന വിവരങ്ങൾ നൽകുന്ന സുപ്രധാന പ്രക്രിയയാണ് സെൻസസ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ജീവനക്കാരെ സെൻസസ് ജോലികൾക്കായി നിയോഗിച്ചിരിക്കുകയാണ്.