വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വെച്ചത് സംസ്ഥാന സർക്കാർ: കെ.സുരേന്ദ്രൻ
വയനാട്: വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വെച്ചത് സംസ്ഥാന സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിൻ്റെ അലംഭാവത്തെ കുറ്റകരമായ മൗനത്തിലൂടെ പ്രതിപക്ഷം സഹായിക്കുകയാണ്. ദുരന്തമുണ്ടായ ശേഷം നാലുമാസം കഴിഞ്ഞിട്ടും ഒരു സർവ്വകക്ഷി യോഗം പോലും വിളിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചില്ല. 2013ൽ യുപിഎ സർക്കാരാണ് ദേശീയ ദുരന്തം എന്ന പദം എടുത്തു കളഞ്ഞത്. അതിൻ്റെ പേരിൽ വിഡി സതീശനും സംഘവും മോദി സർക്കാരിനെതിരെ തിരിഞ്ഞിട്ട് കാര്യമില്ല.
കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ മന്ത്രിമാരായ മൻമോഹൻ സിംഗ് സർക്കാരിനെതിരെയാണ് യുഡിഎഫ് പ്രതിഷേധിക്കേണ്ടത്. ദുരന്തത്തിൻ്റെ വ്യാപ്തി അനുസരിച്ചുള്ള സഹായം കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രിമാർ വ്യക്തമാക്കിയതാണ്. എന്നാൽ രാഷ്ട്രീയലാഭം ലക്ഷ്യമിട്ടാണ് എൽഡിഎഫും യുഡിഎഫും ഇപ്പോൾ വിവാദങ്ങളുണ്ടാക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഡിറ്റേയിൽഡ് സ്റ്റഡി റിപ്പോർട്ട് കേന്ദ്ര സർക്കാരിന് നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.