എല്ലാ ജില്ലകളിലും സ്‌ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്

രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം

 
veena

 തിരുവനന്തപുരം: എല്ലാ ജില്ലകളിലും സ്‌ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ 12 ജില്ലകളില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ നിലവില്‍ സ്‌ട്രോക്ക് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലപ്പുറം, വയനാട് ജില്ലകളില്‍ ഈ വര്‍ഷം തന്നെ സ്‌ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്‌ട്രോക്ക് ബാധിച്ചവര്‍ക്ക് ഗുണനിലവാരമുള്ള തുടര്‍ജീവിതം ഉറപ്പാക്കുന്നതിനായി ശാസ്ത്രീയവും സമയബന്ധിതവുമായ ചികിത്സ നല്‍കുന്നതിനുള്ള മികച്ച ആരോഗ്യ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന മിഷന്‍ സ്‌ട്രോക്ക് പരിശീലന പരിപാടി പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സമയബന്ധിതമായ ചികിത്സയിലൂടെ പക്ഷാഘാതം ബാധിച്ചവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിക്കും. അല്ലെങ്കില്‍ ശരീരം തളര്‍ന്നു പോകുകയോ മരണം വരെ സംഭവിക്കുകയോ ചെയ്യും. അതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ എല്ലാവര്‍ക്കും അവബോധം വളരെ പ്രധാനമാണ്. ഒരു പ്രദേശത്തെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സ്‌ട്രോക്കിനെപ്പറ്റിയുള്ള പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് ആരംഭിച്ചത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ അക്കാഡമി ഓഫ് ന്യൂറോളജിയും, കേരള അസോസിയേഷന്‍ ഓഫ് ന്യൂറോളജിസ്റ്റും, ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിട്യൂട്ടിന്റെ കോമ്പ്രിഹെന്‍സീവ് സ്‌ട്രോക്ക് കെയര്‍ യൂണിറ്റും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളില്‍ ആരംഭിക്കുന്ന ഈ പദ്ധതി കേരളത്തില്‍ പത്തനംതിട്ട ജില്ലയിലാണ് തുടക്കം കുറിക്കുന്നത്. സ്‌ട്രോക്ക് നിര്‍ണയിക്കുന്നതിലെ കാലതാമസം ഒഴിവാക്കിക്കൊണ്ട് ഒരു രോഗിയെ സമയം ഒട്ടും വൈകാതെ ചികിത്സയ്ക്ക് എത്തിക്കുന്നതിന് ആരോഗ്യ വകുപ്പിലെ എല്ലാ ജീവനക്കാരെയും പൊതുജനങ്ങളെയും സജ്ജമാക്കുക എന്ന ഉദ്ദേശ ലക്ഷ്യമാണ് മിഷന്‍ സ്‌ട്രോക്ക് മുന്നോട്ട് വയ്ക്കുന്നത്.

ഇതിനായി മെഡിക്കല്‍ ഓഫീസര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സ്ട്രോക്കിനെക്കുറിച്ചുള്ള ആരോഗ്യ ബോധവത്ക്കരണം നല്‍കുക എന്നതാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്. ഇതിനായി ഇന്ത്യന്‍ അക്കാഡമി ഓഫ് ന്യൂറോളജിയുടേയും, ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെയും സാങ്കേതിക സഹായം ഉറപ്പാക്കിയിട്ടുണ്ട്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന തുടര്‍ പരിശീലന പരിപാടികളാണ് മിഷന്‍ സ്ട്രോക്കിന്റെ ഭാഗമായി നടത്തുവാന്‍ ഉദ്ദേശിക്കുന്നത്. കോഴിക്കോട് ജില്ലയാണ് അടുത്തതായി തെരഞ്ഞെടുത്തിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ഇന്ന് മാത്രം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള 350 ഓളം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ ആക്കാദമി ഓഫ് ന്യൂറോളജി ജോയിന്റ് ട്രഷറര്‍ വി.ജി. പ്രദീപ് കുമാര്‍ വിഷയാവതരണം നടത്തി. ഇന്ത്യന്‍ ആക്കാദമി ഓഫ് ന്യൂറോളജി ട്രഷറര്‍ ഡോ. അചല്‍ ശ്രീവാസ്തവ, കേരള അസോസിയേഷന്‍ ഓഫ് ന്യൂറോളജിസ്റ്റ് സെക്രട്ടറി ഡോ. സുരേഷ് കുമാര്‍, ന്യൂറോളജി വിഭാഗം പ്രൊഫ. ഡോ. പി.എന്‍. സൈജ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിത കുമാരി, എന്‍.സി.ഡി. സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ കെ. ഗോപാല്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഐപ്പ് ജോസഫ്, ന്യൂറോളജിസ്റ്റ് ഡോ. സ്റ്റാന്‍ലി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.