നഗ്നചിത്രങ്ങളുമായി വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ട്യൂഷൻ സെൻ്റർ ഉടമ തൃശൂരിൽ അറസ്റ്റിൽ
തൃശൂർ: ആളൂരിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങളെടുത്തെന്ന പരാതിയിൽ വെള്ളാഞ്ചിറ സ്വദേശി ശരത്തിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ട്യൂഷൻ സെൻ്ററുകളുടെ ഉടമയാണ്.
പീഡനവിവരം പെൺകുട്ടി ആദ്യം സുഹൃത്തിനോട് പറഞ്ഞു. പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു. മൂന്ന് വർഷമായി ഭീഷണിപ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. നഗ്നചിത്രങ്ങൾ ശരത്തിൻ്റെ കൈവശം ഉള്ളതിനാൽ പെൺകുട്ടി പരാതി നൽകിയില്ല. ആരോടെങ്കിലും പറഞ്ഞാൽ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
പെൺകുട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ശരത് തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. പിടിക്കപ്പെടുന്നതിന് മുമ്പ് പെൺകുട്ടിയുടെ ചിത്രങ്ങൾ ഇയാൾ ഫോണിൽ നിന്ന് നീക്കം ചെയ്തിരുന്നു. തെളിവെടുപ്പിനായി ഫോൺ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടി പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് പീഡനം തുടങ്ങിയത്.
പിന്നീട് കുട്ടി കടുത്ത മാനസിക വിഷമത്തിലായിരുന്നു. എൻജിനീയറിങ് പഠനത്തിന് പോയ സമയത്ത് സുഹൃത്തിനോട് ഇക്കാര്യം പങ്കുവെച്ചതായും സുഹൃത്തിൻ്റെ സഹായത്തോടെ പരാതി നൽകിയതായും യുവതി പറഞ്ഞു.