സുന്ദർ പിച്ചൈയുടെ പ്രസംഗത്തിനിടെ വിദ്യാർഥികളുടെ പ്രതിഷേധം; ‘അങ്ങേയറ്റത്തെ അജ്ഞത’യെന്ന് രാജീവ് ചന്ദ്രശേഖർ

 
Kerala
Kerala
തിരുവനന്തപുരം: സ്റ്റാൻഫോർഡ് സർവകലാശാല ബിരുദദാന ചടങ്ങിൽ ഗൂഗിൾ സി.ഇ.ഒ. സുന്ദർ പിച്ചയ്പ്ര സംഗിക്കുന്നതിനിടെ വിദ്യാർഥികൾ നടത്തിയ വാക്കൗട്ടിനെതിരെ ബി.ജെ.പി നേതാവ് രാജീവ്‌ ചന്ദ്രശേഖരൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പ്രതിഷേധത്തെ “അങ്ങേയറ്റത്തെ അജ്ഞത” (Extreme Ignorance) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 
സ്റ്റാൻഫോർഡ് സർവകലാശാലയുടെ 2026 ബിരുദദാന ചടങ്ങിനിടെയാണ് നൂറിലധികം വിദ്യാർഥികൾ പ്രസംഗവേദിയിലേക്ക് എത്തിയ പിച്ചൈയ്‌ക്കെതിരെ പ്രതിഷേധിച്ച് ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയത്. “ഫ്രീ പാലസ്തീൻ” മുദ്രാവാക്യങ്ങൾ മുഴക്കിയ വിദ്യാർഥികൾ ഗൂഗിളിന്റെ ഇസ്രായേൽ സർക്കാരുമായുള്ള ‘പ്രോജക്ട് നിംബസ്’ കരാറിനെതിരെയായിരുന്നു പ്രതിഷേധം. 
സംഭവത്തോട് പ്രതികരിച്ച രാജീവ് ചന്ദ്രശേഖർ, ലോക സാങ്കേതിക രംഗത്തെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളായ സുന്ദർ പിച്ചൈയെ കേൾക്കാനുള്ള അവസരം വിദ്യാർഥികൾ നഷ്ടപ്പെടുത്തിയെന്നാണ് അഭിപ്രായപ്പെട്ടത്. വ്യത്യസ്ത അഭിപ്രായങ്ങളോട് അസഹിഷ്ണുത കാണിക്കുന്ന പ്രവണത അക്കാദമിക് ലോകത്തിന് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിഷേധം അവഗണിച്ചുകൊണ്ട് പിച്ചൈ തന്റെ പ്രസംഗം തുടർന്നു. കൃത്രിമ ബുദ്ധിയെ (AI) കുറിച്ചുള്ള വിവാദങ്ങൾ ഒഴിവാക്കി പ്രത്യാശയും ജീവിതാനുഭവങ്ങളുമാണ് അദ്ദേഹം ബിരുദധാരികളുമായി പങ്കുവെച്ചത്. “ഓപ്റ്റിമിസം തിരഞ്ഞെടുക്കുക” എന്ന സന്ദേശമാണ് പിച്ചൈ പ്രധാനമായും മുന്നോട്ടുവച്ചത്. 
സാമൂഹിക മാധ്യമങ്ങളിൽ വ്യാപക ചർച്ചയായ സംഭവത്തിൽ, ചിലർ പ്രതിഷേധത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമെന്ന് വിശേഷിപ്പിക്കുമ്പോൾ, മറ്റുചിലർ ചടങ്ങിന്റെ ഗൗരവം നഷ്ടപ്പെടുത്തിയ നടപടിയാണെന്ന് വിമർശിച്ചു.