‘സൂപ്പർ എൽ നിനോ’ കേരളത്തെയും ബാധിച്ചേക്കും; അടുത്ത ആറ് മാസത്തിൽ 1,680 മരണത്തിന് സാധ്യതയെന്ന് പഠനം

 
Rain

ശക്തമായ ‘സൂപ്പർ എൽ നിനോ’ പ്രതിഭാസം അടുത്ത മാസങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ ചൂടിനും കാലാവസ്ഥാ വ്യതിയാനങ്ങൾക്കും കാരണമാകുമെന്ന് കാലാവസ്ഥാ പ്രവചന സ്ഥാപനമായ ക്ലൈമറ്റ് ഇംപാക്ട് ലാബിന്റെ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി അടുത്ത വർഷം ഫെബ്രുവരി വരെയുള്ള ആറ് മാസത്തിൽ കേരളത്തിൽ 1,680 അധിക മരണങ്ങൾ സംഭവിക്കാമെന്നാണ് റിപ്പോർട്ടിലെ കണക്ക്.

ഇന്ത്യയിലാകെ ഇതേ കാലയളവിൽ 15,800 മരണങ്ങൾ സംഭവിക്കാമെന്നും ലോകമെമ്പാടും 4.51 ലക്ഷം മരണങ്ങൾക്ക് കാലാവസ്ഥാ സാഹചര്യം കാരണമാകാമെന്നും പഠനം കണക്കാക്കുന്നു. അതിശക്തമായ ചൂട്, വെള്ളപ്പൊക്കം, വരൾച്ച, കൃഷിനാശം തുടങ്ങിയ പ്രത്യാഘാതങ്ങൾ മരണനിരക്ക് ഉയർത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വ്യത്യസ്ത തോതിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിൽ 2,640 അധിക മരണങ്ങൾ പ്രവചിക്കുന്നുണ്ട്. ഒക്ടോബറിൽ ചൂടുമായി ബന്ധപ്പെട്ട മരണങ്ങൾ ഉയരാനും ജനുവരി–ഫെബ്രുവരി മാസങ്ങളിൽ വീണ്ടും വർധിക്കാനും സാധ്യതയുണ്ടെന്നും പഠനം പറയുന്നു.

2026 ജൂണിൽ ആരംഭിച്ച എൽ നിനോ സാഹചര്യം വടക്കൻ അർധഗോളത്തിൽ വസന്തകാലം വരെയും തുടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. വരും മാസങ്ങളിൽ കരപ്രദേശങ്ങളിലെ ശരാശരി താപനില സാധാരണയേക്കാൾ ഏകദേശം 1.2 ഡിഗ്രി സെൽഷ്യസ് ഉയർന്നേക്കാമെന്നും പഠനം സൂചിപ്പിക്കുന്നു.

അതേസമയം, റിപ്പോർട്ടിലെ മരണസംഖ്യകൾ പ്രവചനങ്ങളാണ്; ഉറപ്പായുണ്ടാകുന്ന മരണങ്ങളുടെ കണക്കല്ല. എൽ നിനോയുടെ തീവ്രത, പ്രാദേശിക കാലാവസ്ഥ, ആരോഗ്യസംവിധാനങ്ങളുടെ പ്രതികരണം തുടങ്ങിയ ഘടകങ്ങൾ യഥാർത്ഥ പ്രത്യാഘാതത്തെ മാറ്റിയേക്കാം.