ടൂറിസം വികസനത്തിൽ രാഷ്ട്രീയം കൂട്ടി കലർത്തരുത് - സുരേഷ് ഗോപി

 
Suresh
തിരുവനന്തപുരം : ടൂറിസം മേഖലയെ രാഷ്ട്രീയ ജാതി മത ചിന്തകൾക്ക് അതീതമായി വിപുലീകരിച്ച് മുന്നോട്ടു കൊണ്ടുപോകണമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ശ്രീ. സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കേരള ടൂറിസം ഡെവലപ്മെൻറ് അസോസിയേഷൻ ഭാരവാഹികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് ടൂറിസം വികസനത്തിൽ വളരെ വലിയ സാധ്യതകളാണ് ഉള്ളതെന്നും അത് ശരിയായി ഉപയോഗിക്കാൻ നാളിതുവരെ കഴിഞ്ഞിട്ടില്ലെന്നും ശ്രീ. സുരേഷ് ഗോപി കൂട്ടിച്ചേർത്തു. സ്പിരിച്വൽ ടൂറിസം മേഖലയ്ക്ക് വളരെ വലിയ സാധ്യതകളാണുള്ളത്. പുതിയ സ്പിരിച്വൽ ടൂറിസം സർക്യൂട്ടുകൾ കേരളത്തിലും ദക്ഷിണേന്ത്യയിലും രൂപപ്പെടുത്തി അന്തർദേശീയ തലത്തിൽ മാർക്കറ്റ് ചെയ്യാൻ ടൂർ ഓപ്പറേറ്റർമാർ തയ്യാറാകണം.
കേരളത്തിന്റെ ടൂറിസം മേഖലയുടെ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനം കെ.ടി.ഡി.എ ഭാരവാഹികൾ കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ചു. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് വേണ്ട നടപടി കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പു നൽകി. കെ.ടി.ഡി.എ ജനറൽ കൺവീനർ എസ്.എൻ. രഘുചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാർ, ട്രഷറർ സിജി നായർ, രക്ഷാധികാരി എം.ആർ നാരായണൻ, സെക്രട്ടറി പ്രസാദ് മാഞ്ഞാലി, സംസ്ഥാന കമ്മിറ്റി അംഗം വിജയകുമാർ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.