ചരിത്ര വിജയം നേടി 91 സീറ്റുമായി യുഡിഎഫ് അധികാരത്തിലേക്ക് മടങ്ങിവരുമെന്ന് സർവേ
കൊച്ചി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് വോട്ടേഴ്‌സ് റൈറ്റ്‌സ് ഫൗണ്ടേഷന് വേണ്ടി പൊളിറ്റിക്കൽ സൈക്കോളജിസ്റ്റ് അഡ്വ. അവനീഷ് കോയിക്കര നടത്തിയ സമഗ്ര സർവേ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. യുഡിഎഫിന് 91 സീറ്റുകൾ നേടാനാകുമെന്നാണ് സർവ്വെ ഫലം. എൽഡിഎഫ് 49 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലെയും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെയും വിജയം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് വ്യാപിപ്പിക്കാൻ യുഡിഎഫിന് സാധിക്കും.
കേരളത്തിലുടനീളം 2 ലക്ഷം വോട്ടർമാരുടെ പ്രതികരണങ്ങൾ ശേഖരിച്ച് ഡാറ്റ വിശകലനം ചെയ്ത് തയ്യാറാക്കിയതാണ് സർവേ റിപ്പോർട്ട്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിലും പാർലമെന്റ് തിരഞ്ഞെടുപ്പിലും നടത്തിയ സർവ്വെ ഫലം കൃത്യമായിരുന്നു.
മുഖ്യമന്ത്രി സാധ്യതയിൽ യുഡിഎഫ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഒന്നാമതെന്ന് സർവേ വ്യക്തമാക്കുന്നു. 28.91% പിന്തുണയോടെ സതീശൻ മുന്നിലാണ്. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് 19.89% പിന്തുണയാണുള്ളത്. രമേശ് ചെന്നിത്തല (18.21%), ടി.എം. തോമസ് ഐസക് (17.44%), രാജീവ് ചന്ദ്രശേഖർ (11.26%) എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച മറ്റുള്ളവർ. മുഖ്യമന്ത്രിയായി വോട്ടർമാർ കാണുന്നവരിലെ ഗുണദോഷങ്ങളും റിപ്പോർട്ടിൽ പറയുന്നു.
സർവ്വെ പ്രകാരം വോട്ട് ശതമാനത്തിലും യുഡിഎഫ് മുന്നിലാണ്. യുഡിഎഫിന് 44.97%, എൽഡിഎഫിന് 39.34%, എൻഡിഎയ്ക്ക് 14.72% എന്നിങ്ങനെയാണ് സർവേ പ്രവചനം. മുന്നണികളുടെ നിലവിലെ അനുകൂല-പ്രതികൂല ഘടകങ്ങളും റിപ്പോർട്ട് ചർച്ച ചെയ്യുന്നു. മണ്ഡലാടിസ്ഥാനത്തിലുള്ള ഭൂരിപക്ഷവും സർവ്വെ റിപ്പോർട്ടിലുണ്ട്. കേരളത്തിൽ എൻഡിഎയുടെ വോട്ട് ശതമാനം വർധിച്ചിട്ടുണ്ടെങ്കിലും സീറ്റുകളാക്കി മാറ്റാൻ കഴിയാത്ത സ്ഥിതിയാണ് തുടരുന്നത്. എന്നാൽ നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, മഞ്ചേശ്വരം എന്നിവിടങ്ങളിൽ എൻഡിഎ നിർണ്ണായക ശക്തിയാകും.
2021ൽ 99 സീറ്റുകളോടെ രണ്ടാം തവണയും അധികാരത്തിൽ വന്ന എൽഡിഎഫ്, ഇത്തവണ കനത്ത തിരിച്ചടി നേരിടുമെന്നും പ്രതിപക്ഷ സഖ്യമെന്ന നിലയിലേക്ക് മടങ്ങേണ്ടി വരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഭരണവിരുദ്ധ വികാരം, മുന്നണികൾ, മത-സാമുദായിക വികാരങ്ങൾ, ക്ഷേമ പദ്ധതികൾ, വികസന പ്രൊജക്ടുകൾ, വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, പാർട്ടി നേതൃത്വം, സ്ഥാനാർത്ഥി പ്രതിച്ഛായ, മാധ്യമ വ്യാഖ്യാനങ്ങൾ, പ്രാദേശിക വിഷയങ്ങൾ എന്നിവ വിജയത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അവസാന ഘട്ട പ്രചാരണ തന്ത്രങ്ങൾ, സ്ഥാനാർത്ഥികൾ, എന്നിവ അന്തിമ ഫലത്തെ സ്വാധീനിക്കുമെന്നും റിപ്പോർട്ട് പറയുന്നു.