കുമരകത്തെ സുന്ദരിയാക്കാൻ സ്വദേശീദർശൻ

130 കോടിരൂപയുടെ കേന്ദ്ര ടൂറിസം പദ്ധതിക്ക് തുടക്കമായി

 
kumarakam

കുമരകം : വാജ്പേയുടെ വരവോടെ പ്രശസ്തിയാർജ്ജിച്ച കുമരകത്തെ കൂടുതൽ സുന്ദരിയാക്കാൻ കേന്ദ്രസർക്കാർ. സ്വദേശീ ദർശൻ പദ്ധതിയിലൂടെയാണ് കുമരകം അയ്മനം ആർപ്പൂക്കര പഞ്ചായത്ത് പ്രദേശങ്ങൾ അടങ്ങുന്ന കുമരകം ടൂറിസം കേന്ദ്രത്തിന് 130 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 70 കോടി രൂപയുടെ പദ്ധതികളാണ് തയ്യാറാകുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് വേണ്ടി ഐ.എൻ.എ ഡിസൈൻ സ്റ്റുഡിയോ അഹമ്മദാബാദാണ് പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നത്.

കുമരകം സ്വാഭാവിക പക്ഷി സങ്കേതം, അയ്മനം മാലിക്കായൽ കായലോര പാർക്ക്, സ്ഥലത്തിന്റെ ലഭ്യതയ്ക്ക് അനുസ്രുതമായി ആർപ്പൂക്കര കൈപ്പുഴമുട്ട് ഹൗസ് ബോട്ട് പാർക്കിംഗ് എന്നിങ്ങനെ മൂന്ന് പദ്ധതികളാണ് ആദ്യഘട്ടത്തിൽ തയ്യാറാകുന്നത്. രണ്ടാം ഘട്ടത്തിൽ കുമരകം നാല് പങ്ക് ഹൗസ് ബോട്ട് ടെർമിനൽ, കായൽ - കനാലുകളുടെ സൗന്ദര്യവത്കരണം എന്നിവയും പരിഗണിക്കുന്നതായി ഡി.ടി.പി.സി സെക്രട്ടറി റോബിൻ.സി.കോശി പറഞ്ഞു.

പക്ഷിസങ്കേത്തിനുള്ളിലെ ചെറുതോടുകളിലൂടെ കൺട്രി ബോട്ടുൾക്ക് സഞ്ചരിക്കാൻ കഴിയും വിധം നവീകരിച്ച് പ്രവേശന കവാടത്തിലെ കുളവുമായി ബന്ധിപ്പിക്കുക, തടികൊണ്ടുള്ള ബോട്ട് ജെട്ടികൾ, കുളം നവീകരിക്കുക, വാച്ച് ടവറുകൾ എന്നിങ്ങനെ പക്ഷിസങ്കേതം സൗന്ദര്യവത്ക്കരണത്തിനായി ഏകദേശം 13 കോടിരൂപയുടെ പ്രപ്പോസിലാണ് തയ്യാറാകുന്നത്. സ്വദേശീദർശൻ പദ്ധതിയുടെ പൂർത്തീകരണത്തോടെ കായൽയാത്രക്ക് പുറമെ വേറിട്ട കാഴ്ചകൾ കൊണ്ട് സഞ്ചാരികളെ ആകർഷിക്കാൻ കുമരകം ടൂറിസം കേന്ദ്രത്തിന് സാധിക്കുമെന്ന് ടൂറിസം സംരംഭകർ വിലയിരുത്തുന്നു.