വരും ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യത; ഒരു ജില്ലയിൽ 40 ഡിഗ്രി വരെ ഉയരാം

 
heat

തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ചൂട് ഉയരാൻ സാധ്യത. മാർച്ച് 30 വരെ തൃശ്ശൂരിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്തും പാലക്കാട്ടും താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതിന് പുറമെ പത്തനംതിട്ടയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും ആലപ്പുഴ, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതിനിടെ നാല് ജില്ലകളില് ഇന്ന് വേനല് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. നാളെ ആലപ്പുഴയിലും എറണാകുളത്തും മഴ പെയ്യാൻ സാധ്യതയുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് അധികൃതർ അറിയിച്ചു.