രാസമാലിന്യം കലർന്ന മണ്ണിൽ ഭീതിയിലായി എറിയാട്; സിങ്കും ലെഡും കാഡ്മിയവും അപകടകരമായ അളവിൽ
തൃശൂർ: കൊടുങ്ങല്ലൂരിന് സമീപം എറിയാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രാസമാലിന്യം കലർന്ന മണ്ണ് ഉപയോഗിച്ച് ഭൂമി നികത്തിയതായി കണ്ടെത്തിയത് ആശങ്കയാകുന്നു. മണ്ണ് പരിശോധനയിൽ സിങ്ക്, ലെഡ്, കാഡ്മിയം തുടങ്ങിയ ഭാരലോഹങ്ങൾ അനുവദനീയ പരിധിയേക്കാൾ കൂടുതലായി കണ്ടെത്തി.
എടയാർ വ്യവസായ മേഖലയിലെ പ്രവർത്തനം അവസാനിപ്പിച്ച സ്വകാര്യ കമ്പനിയിൽ നിന്നുള്ള രാസമാലിന്യം കലർന്ന മണ്ണാണ് എറിയാട്ടെ വിവിധ പ്രദേശങ്ങളിൽ എത്തിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ജലാശയങ്ങളും നീർച്ചാലുകളും ഉൾപ്പെടെ മണ്ണിട്ട് നികത്തിയതായും റിപ്പോർട്ടുണ്ട്.
മണ്ണിലെ ഭാരലോഹങ്ങൾ സമീപത്തെ മണ്ണിലേക്കും ഭൂഗർഭജലത്തിലേക്കും അരിച്ചിറങ്ങാൻ സാധ്യതയുള്ളതിനാൽ പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും അപകടമുണ്ടാകാമെന്ന് പരിശോധനാ റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്. മലിനമായ മണ്ണ് ശാസ്ത്രീയമായി നീക്കം ചെയ്ത് സംസ്കരിക്കണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശിച്ചിട്ടുണ്ട്.
രാസമാലിന്യം കലർന്ന സ്ഥലത്തിന് സമീപത്തെ ജലാശയത്തിൽ ഇറങ്ങിയ വള്ളത്തൊഴിലാളിക്ക് കൈകളിലും കാലുകളിലും ശക്തമായ ചൊറിച്ചിലും അലർജിയും അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് അധികൃതർക്ക് പരാതി നൽകി.
മലിനമായ മണ്ണ് നീക്കം ചെയ്യുന്നതിന് വലിയ ചെലവ് വരുന്നതും നടപടികൾക്ക് തടസ്സമാകുന്നുണ്ട്. ഒരു ടൺ മണ്ണ് നീക്കം ചെയ്യാൻ ഏകദേശം ₹1,500 വരെ ചെലവാകുമെന്നാണ് വിവരം. വിഷമണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ മലിനീകരണ നിയന്ത്രണ ബോർഡും റവന്യൂ അധികൃതരും തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.