വിമർശിച്ചതിനും തിരുത്തിയതിനും നന്ദി, രാജിയുടെ ധാർമ്മിക ഉത്തരവാദിത്തം ചൂണ്ടിക്കാട്ടി മോഹൻലാൽ

 
Mohanlal
Mohanlal

കൊച്ചി: മലയാള സിനിമാ മേഖലയിൽ ഉയരുന്ന വിവാദങ്ങൾ തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് നടൻ മോഹൻലാൽ. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്‌സ് (അമ്മ)യിൽ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരിച്ചത്. മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങളുമായി മോഹൻലാൽ സംസാരിച്ചു. എല്ലാവരോടും നന്ദിയുണ്ടെന്നും രാജിയുടെ ധാർമ്മിക ഉത്തരവാദിത്തമുണ്ടെന്നും താരം പറഞ്ഞു.

എല്ലാ നിർവാഹക സമിതി അംഗങ്ങളും രാജിവെച്ച് അത് പിരിച്ചുവിട്ടിരിക്കുകയാണ്. ഇന്ന് നടന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. അഡ്‌ഹോക്ക് കമ്മിറ്റിക്ക് താൽക്കാലിക ചുമതല നൽകി.

മോഹൻലാലിൻ്റെ രാജി

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അമ്മയിലെ ചില ഭാരവാഹികൾക്കെതിരെ സോഷ്യൽ വിഷ്വൽ, പ്രിൻ്റ് മീഡിയയിൽ ലൈംഗികാരോപണം ഉയർന്ന പശ്ചാത്തലത്തിൽ ധാർമ്മിക ഉത്തരവാദിത്തം ചൂണ്ടിക്കാട്ടി സംഘടനയുടെ നിലവിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി രാജിവെക്കുകയാണ്.

രണ്ടു മാസത്തിനകം പൊതുയോഗം ചേർന്ന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കും. എല്ലാ മാസവും ഒന്നാം തീയതി നൽകുന്ന കൈനീട്ടവും ചികിത്സയ്ക്ക് നൽകുന്ന സഹായവും അടുത്ത കമ്മിറ്റി രൂപീകരിക്കുന്നത് വരെ തുടരുമെന്ന് ഉറപ്പാക്കാൻ നിലവിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ഇടക്കാല സംവിധാനമായി തുടരും.

അസോസിയേഷനെ പുതുക്കാനും ശക്തിപ്പെടുത്താനും കഴിവുള്ള ഒരു പുതിയ നേതൃത്വം 'അമ്മ'യ്ക്ക് ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വിമർശിച്ചതിനും തിരുത്തിയതിനും എല്ലാവർക്കും നന്ദി.