പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷ്ടിച്ചതല്ലെന്നും ജീവനക്കാർ നൽകിയതാണെന്നും പ്രതിയുടെ മൊഴി

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷ്ടിച്ചതല്ലെന്നും ക്ഷേത്രത്തിലെ ജീവനക്കാർ നൽകിയതാണെന്നും പ്രതിയുടെ മൊഴി. കേസിലെ മുഖ്യപ്രതിയായ ഗണേഷ് ഝായാണ് ഇത്തരത്തിൽ മൊഴി നൽകിയതെന്നാണ് റിപ്പോർട്ട്. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇന്ന് ഉച്ചയോടെ പ്രതികളെ വിമാനത്തിൽ കേരളത്തിലെത്തിക്കും. ഇന്ത്യയിൽ ജനിച്ച് ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയ ഗണേഷ് ഝായും മറ്റ് മൂന്ന് സ്ത്രീകളുമാണ് അറസ്റ്റിലായത്. ഹരിയാനയിൽ നിന്നാണ് കവർച്ച സംഘത്തെ ഗുഡ്ഗാവ് പോലീസ് പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി ഫോർട്ട് സർക്കിൾ ഇൻസ്പെക്ടർ ഹരിയാനയിലെത്തി.
വ്യാഴാഴ്ചയാണ് മോഷണം നടന്നത്. അമൂല്യമായ പുരാവസ്തുക്കളുടെ ശേഖരത്തിലുള്ള ഉരുളിയാണ് മോഷണം പോയത്. വഴിപാട് പാത്രങ്ങൾ എണ്ണുന്നതിനിടെയാണ് ഉരുളിയുടെ കുറവ് ശ്രദ്ധയിൽപ്പെട്ടത്. സിസിടിവി പരിശോധിച്ചതിൽ നാലംഗ സംഘം മോഷണം നടത്തിയതായി കണ്ടെത്തി. ഉടൻ ഫോർട്ട് പോലീസിൽ വിവരമറിയിച്ചു. പ്രതികളെ പെട്ടെന്ന് പിടികൂടി.
ക്ഷേത്രദർശനത്തിനെത്തിയതായിരുന്നു സംഘം. ക്ഷേത്രം ചുറ്റി നടക്കുന്നതിനിടയിൽ കൂടെയുണ്ടായിരുന്നയാൾ തിടപ്പള്ളിക്ക് സമീപം സൂക്ഷിച്ച ഉരുളി എടുത്ത് ധോത്തിക്കടിയിൽ തട്ടി ക്ഷേത്രത്തിന് പുറത്തേക്ക് പോയി. വെള്ളിയാഴ്ച നടത്തിയ അന്വേഷണത്തിൽ ഇവർ ഉഡുപ്പിയിൽ എത്തിയതായും അവിടെ നിന്ന് വിമാനത്തിൽ ഹരിയാനയിലേക്ക് പോയതായും കണ്ടെത്തി.
ഹരിയാന പോലീസിന് വിവരം കൈമാറിയതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സാമ്ബത്തിക ലാഭത്തിനല്ലെന്നും ക്ഷേത്രത്തിലെ ഉരുളി പൂജാമുറിയിൽ സൂക്ഷിക്കാൻ എടുത്തതാണെന്നും ഇവർ പോലീസിന് മൊഴി നൽകി. അതീവ സുരക്ഷാ മേഖലയാണ് ക്ഷേത്രവും പരിസരവും. മോഷണം പോലീസിനും തലവേദനയായിട്ടുണ്ട്. സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം.