കരിങ്കൊടി പ്രതിഷേധം അപകീർത്തികരമല്ല'; കോൺഗ്രസ് പ്രവർത്തകർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ഒരാൾക്ക് നേരെ കരിങ്കൊടി കാണിക്കുന്നത് അപകീർത്തികരമോ നിയമവിരുദ്ധമോ അല്ലെന്ന് കേരള ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പറവൂരിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരായ കേസ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതിയുടെ നിരീക്ഷണം.
പ്രതിഷേധത്തിനിടെ ചെറിയ ബലപ്രയോഗങ്ങൾ പതിവാണ്. അതിനാൽ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കുറ്റം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു. ഇത്തരം നിസാര കാര്യങ്ങളിൽ നിയമനടപടികൾ ഒഴിവാക്കണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കൂട്ടിച്ചേർത്തു.
2017 ഏപ്രിൽ 9നായിരുന്നു കേസിനാസ്പദമായ സംഭവം. പറവൂരിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയതിനു പുറമെ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതേത്തുടർന്നാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിച്ചത്.