20 മിനിറ്റോളം ബസ് ഓണാക്കിയിട്ട് ഇന്ധനം നഷ്ടപ്പെടുത്തി; ജീവനക്കാർക്കെതിരെ നടപടി
തിരുവനന്തപുരം: ഒരു തുളളി ഡീസല്‍ പോലും പാഴാക്കരുതെന്നുളള കോര്‍പ്പറേഷന്റെ ആവര്‍ത്തിച്ചുളള നിര്‍ദ്ദേശം നിലനില്‍ക്കേ അനാവശ്യമായി ബസ് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിടുകയും ഇതിനെ കുറിച്ച് അന്വേഷിച്ച സി.എം.ഡി യോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ ബസ്സിലെ ബദലി ഡ്രൈവറെ പിരിച്ചു വിടുകയും, രണ്ട് സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
പാറശ്ശാല ഡിപ്പോയിലെ ബദലി ഡ്രൈവര്‍ പി.ബൈജുവിനെ പിരിച്ചു വിടുകയും, പാറശ്ശാല ഡിപ്പോയിലെ കണ്ടക്ടർ ശ്രീ. രജിത്ത് രവി, പാറശ്ശാല യൂണിറ്റില്‍ അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയറുടെ ചുമതല വഹിച്ചു വരുന്ന ചാര്‍ജ്ജ്മാന്‍ കെ.സന്തോഷ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഈ മാസം 9 ന് ആയിരുന്നു സംഭവം. തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ സി എം ഡി എത്തിയപ്പോഴാണ് നെയ്യാറ്റിന്‍കര - കളിയിക്കാവിള ബസ് ബേയില്‍ യാത്രക്കാരെ കയറ്റുന്നതിനായി പാര്‍ക്ക് ചെയ്തിരുന്ന CS88 (JN548)-ം നമ്പര്‍ ബസ്സ് കണ്ടക്ടറോ, ഡ്രൈവറോ ഇല്ലാതെ ബസ് സ്റ്റാര്‍ട്ട് ചെയ്തു നിറുത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ബസ്സ് സ്റ്റാര്‍ട്ടിംഗില്‍ നിറുത്തിയിരിക്കുന്നതിനെ സംബന്ധിച്ച് ഡ്രൈവറോട് അന്വേഷിച്ചപ്പോൾ സെല്‍ഫ് എടുക്കാത്തതുകൊണ്ടാണെന്ന് ഡ്രൈവര്‍ പരുഷമായി മറുപടി പറയുകയും ചെയ്തു.
കോർപ്പറേഷന്റെ സ്ഥിരം ജീവനക്കാരനായ കണ്ടക്ടർ തന്റെയൊപ്പം ജോലി ചെയ്ത താൽക്കാലിക ഡ്രൈവർ ഡീസൽ പാഴാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അത് തടയുന്നത് ഒഴിവാക്കുന്നതിന് ശ്രദ്ധവെയ്ക്കാതിരിക്കുകയെന്ന കൃത്യ വിലോപം ബോധ്യപ്പെട്ടതിനാണ് സ്ഥിരം ജീവനക്കാരനായ കണ്ടക്ടർ ശ്രീജിത് രവിയെ സസ്പെൻഡ് ചെയ്തത്.
ഒരു തുളളി ഡീസല്‍ പോലും പാഴാക്കരുതെന്നുളള കോര്‍പ്പറേഷന്റെ ആവര്‍ത്തിച്ചുളള നിര്‍ദ്ദേശം നിലനില്‍ക്കേ അനാവശ്യമായി ബസ് സ്റ്റാര്‍ട്ടിംഗില്‍ നിര്‍ത്തിയിടുകയും ഇതിനെ കുറിച്ച് അന്വേഷിച്ച സി.എം.ഡി യോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത ബസ്സിലെ ബദലി ഡ്രൈവറുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ 20 മിനിറ്റോളം എഞ്ചിന്‍ ഓഫാക്കാതെ ബസ്സ് സ്റ്റാര്‍ട്ട് ചെയ്ത നിലയിലായിരുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുളളതാണ്.
വരുമാനത്തിന്റെ 50 ശതമാനത്തോളം തുക ഡീസലിനായി ചെലവാകുന്ന നിലവിലെ സാഹചര്യത്തില്‍ ഇത്തരത്തില്‍ 20 മിനിറ്റോളം ബസ്സ് സ്റ്റാര്‍ട്ട് ചെയ്ത നിലയിലായി ഡീസല്‍ ദുരുപയോഗം ചെയ്യാനിടയാക്കിയ പാറശ്ശാല യൂണിറ്റിലെ ബദലി വിഭാഗം ഡ്രൈവര്‍ പി.ബൈജുവിന്റെ പ്രവൃത്തി തീര്‍ത്തും നിരുത്തരവാദപരമായത് കൊണ്ടാണ് അദ്ദേഹത്തെ പിരിച്ചു വിട്ടത്.
ബസിന്റെ തകരാറ് സംബന്ധിച്ച് ഡ്രൈവറുടെ റിപ്പോർട്ടുകൾ ഉണ്ടായിരിന്നിട്ടും യഥാസമയം പരിഹരിക്കാതിരുന്നതിനാണ് പാറശ്ശാല ഡിപ്പോയിലെ ഗാരേജിന്റെ ചുമതല വഹിച്ചിരുന്ന ചാർജ്മാനെ സസ്പെൻഡ് ചെയ്തത്. കോർപ്പറേഷൻ പ്രതിമാസം 12 കോടിയോളം രൂപ സ്പെയർ പാർട്സിനായി ചിലവാക്കുന്നുണ്ട്.
പാശ്ശാല ഡിപ്പോയിലെ അസി. ഡിപ്പോ എഞ്ചിനീയറിന്റെ ചുമതല വഹിച്ചിരുന്ന ചാർജ്മാൻ ശ്രീ സന്തോഷ് കുമാർ ഈ ബസിന് ആവശ്യമായ സ്പെയറുകൾ സമയബന്ധിതമായി വരുത്തി തകരാർ പരിഹരിക്കാതിരിക്കുകയും, വാഹനങ്ങളുടെ സൂപ്പർ ചെക്ക് നടത്താതെയും, കോർപ്പറേഷൻ നിഷ്കർഷിച്ചിരിക്കുന്ന തരത്തിൽ യഥാസമയം വാഹന പരിപാലനം നടത്തുന്നതിൽ വീഴ്ച വരുത്തി കോർപ്പറേഷന് നഷ്ടമുണ്ടാക്കി എന്നത് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാലാണ് ചാർജ്മാൻ ശ്രീ കെ സന്തോഷ്കുമാറിനെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തത്.