ചൂരൽമല പുനരധിവാസം പാളി; സർക്കാർ അലംഭാവവും വീഴ്ച്ചയും തുടരുന്നു: കെ.സുരേന്ദ്രൻ

 
k surendran

വയനാട്: എന്തെങ്കിലും തരത്തിലുള്ള പുനരധിവാസ പ്രവർത്തനങ്ങൾ വയനാട്ടിൽ നടക്കുന്നുണ്ടെന്ന് ആർക്കും കാണാൻ സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പുനരധിവാസം അമ്പേ പാളി ഇരിക്കുകയാണ്. നിരുത്തരവാദ സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നും കൽപ്പറ്റയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മന്ത്രിസഭ ഉപസമിതി വയനാട്ടിൽ നിന്നും സ്ഥലം വിട്ടിരിക്കുകയാണ്. ആദ്യഘട്ടത്തിൽ കാണിച്ച താൽപര്യവും ശുഷ്കാന്തിയും പിന്നീട് കാണിക്കാതെ മന്ത്രിമാർ മുങ്ങി. ഒ.ആർ കേളു മാത്രമാണ് ഇപ്പോൾ വയനാട്ടിൽ ഉള്ളത്. മന്ത്രിസഭാ ഉപസമിതി പൂർണമായും പരാജയപ്പെട്ടു. ഫോട്ടോഷൂട്ടിൽ മാത്രമാണ് അവർ താൽപര്യം കാണിച്ചത്. 

ക്യാമ്പുകളിൽ താമസിക്കുന്ന പാവപ്പെട്ട ആളുകൾക്ക് താൽക്കാലികമായി താമസിക്കാൻ പോലുമുള്ള പുനരധിവാസ സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടില്ല. സർക്കാർ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുകയാണ്. പ്രധാനമന്ത്രി വന്നു പോയിട്ട് രണ്ടാഴ്ച കഴിഞ്ഞു. വിശദമായ മെമ്മോറാണ്ടം സമർപ്പിക്കണമെന്ന്  അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നിട്ടും മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് മെമ്മോറാണ്ടം സമർപ്പിക്കാനുള്ള ഒരു ശ്രമവും ഇതുവരെ ഉണ്ടായിട്ടില്ല. തൽക്കാലിക മെമ്മോറാണ്ടം കൊടുക്കാൻ ആർക്കും സാധിക്കും.  

പുനരധിവാസത്തിന്റെ കാര്യത്തിൽ ശാസ്ത്രീയമായി ഗൃഹപാഠം നടത്താൻ സർക്കാർ ശ്രമിച്ചിട്ടില്ല. പുത്തുമല പുനരധിവാസത്തിന്റെ കാര്യത്തിൽ സംഭവിച്ച വീഴ്ചകൾ ഇവിടെയും ആവർത്തിക്കുകയാണ്. വാഗ്ദാനങ്ങൾ മാത്രമാണ് പുത്തുമലയിൽ ലഭിച്ചത്. കേന്ദ്രസർക്കാർ കൈയ്യയച്ച് സഹായിക്കാം എന്ന് പറഞ്ഞിട്ടും എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ ഈ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത്? ദുരന്തത്തിന്റെ വ്യാപ്തി ഏത് ലെവലിലാണ് പരിഗണിക്കേണ്ടത് എന്നതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് വല്ല അഭിപ്രായവും ഉണ്ടോ എന്നും കെ സുരേന്ദ്രൻ ചോദിച്ചു. 

മുൻ ദുരന്തങ്ങളിൽ സംഭവിച്ചത് പോലെ തന്നെ അലംഭാവവും വീഴ്ചയും സംസ്ഥാന സർക്കാർ തുടരുകയാണ്. കഴിഞ്ഞ രണ്ട് വർഷക്കാലമായി ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ അനുവദിച്ച 600 കോടി രൂപ ഇപ്പോഴും ചെലവഴിക്കാതെ സംസ്ഥാന സർക്കാരിന്റെ പക്കൽ ഉണ്ട്. പുനരധിവാസ പാക്കേജിനെ കുറിച്ച് മന്ത്രിസഭാ ഉപസമിതിയുമായി നേരിട്ട് സംസാരിച്ചിരുന്നു. അവരുടെ പാക്കേജിന് അനുസരിച്ച് ബിജെപിക്ക് കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും അറിയിച്ചു. എന്നാൽ വ്യക്തമായ ഒരു ഉത്തരം ലഭിച്ചില്ല. നിലവിൽ തന്നെ ആയിരത്തോളം വീടുകൾ നിർമ്മിച്ചു നൽകാമെന്ന് പലരും ഓഫർ ചെയ്തിട്ടുണ്ട്. ഇതൊക്കെ എങ്ങനെയാണ് സാധ്യമാക്കുക എന്നും മന്ത്രിമാരോട് ചോദിച്ചു. എന്നാൽ അവരുടെ പക്കൽ ഉത്തരം ഇല്ലായിരുന്നു. 

എന്തുകൊണ്ടാണ് പുനരധിവാസ പാക്കേജിന്റെ കാര്യത്തിൽ ഒരു സർവ്വകക്ഷിയോഗം വിളിക്കാൻ സർക്കാർ തയ്യാറാവാത്തത് എന്നും കെ സുരേന്ദ്രൻ ചോദിച്ചു. സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനാൽ ഇതുവരെയും വീട് ലഭിക്കാത്ത പുത്തുമലയിലെ ഇരകൾ കെ സുരേന്ദ്രനെ സന്ദർശിച്ച് നിവേദനം നൽകി. സർക്കാർ തങ്ങളോട് നീതി പാലിച്ചില്ലെന്ന് അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അഞ്ചുവർഷമായി പരാതിയുമായി പല സ്ഥലത്തും കയറി ഇറങ്ങുകയാണെന്ന് ഇവർ പറഞ്ഞു. എന്നാൽ ഇതുവരെ നീതി ലഭിച്ചില്ലെന്നും പുത്തുമല ഇരകൾ ചൂണ്ടിക്കാട്ടി. നിരവധി കുടുംബങ്ങളാണ് ഇത്തരത്തിൽ നീതി നിഷേധത്തിനിരയായി കഴിയുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.