കാർ നിയന്ത്രണം വിട്ട് ക്വാറിയിലേക്ക് മറിഞ്ഞു
തൃശൂർ: തൃശ്ശൂരിൽ കാർ നിയന്ത്രണം വിട്ട് ക്വാറിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കുഴിക്കാട്ടുശേരി വരടനാട് ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. പുത്തൻചിറ സ്വദേശികളായ മൂത്തേടത്ത് ശ്യാം (52), താക്കോൽക്കാരൻ ടിറ്റോ (48), പുന്നേപറമ്പിൽ ജോർജ്ജ് (48) എന്നിവരാണ് മരിച്ചത്.
കുഴിക്കാട്ടുശേരിയിൽ നിന്ന് പുത്തൻചിറയിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട കാർ ക്വാറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തിങ്കളാഴ്ച പതിനൊന്ന് മണിയോടെയാണ് അപകടം. എതിരെ വന്ന ബൈക്ക് യാത്രികരാണ് അപകടം കണ്ടതെന്ന് പോലീസ് അറിയിച്ചു.
റോഡരികിലെ 50 അടി താഴ്ചയുള്ള കുളത്തിലേക്കാണ് കാർ മറിഞ്ഞത്. ഫയർഫോഴ്‌സും പോലീസും എത്തിയെങ്കിലും കുളത്തിന് ആഴം കൂടിയതിനാൽ തിരച്ചിൽ നടത്താനായില്ല.
തൃശൂർ ജില്ലാ ഫയർ ഓഫീസർ വി.എസ്സിന്റെ നേതൃത്വത്തിൽ സ്കൂബ സംഘം. സുബി, മാള ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ നന്ദകൃഷ്ണനാഥൻ, ആർ എം നിമേഷ്, അനിൽ മോഹൻ, എം എം മിഥുൻ, സി എ രമേഷ് കുമാർ എന്നിവർ ചേർന്ന് തിരച്ചിൽ നടത്തി മൃതദേഹങ്ങൾ പുറത്തെടുത്തു.