ഡൽഹിയിൽ സമരം ചെയ്യാൻ പോവുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ചെലവ് എകെജി സെൻ്ററിൽ നിന്നും എടുക്കണം: കെ.സുരേന്ദ്രൻ

 
K.surendran

വടകര: ദില്ലിയിൽ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ പോവുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ചെലവ് എകെജി സെൻ്ററിൽ നിന്നും എടുക്കണമെന്ന് എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് രാഷ്ട്രീയം കളിക്കരുതെന്നും കേരള പദയാത്രയോട് അനുബന്ധിച്ച് വടകരയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ മകളെ രക്ഷിക്കാൻ കെഎസ്ഐഡിസി 25 ലക്ഷം രൂപ കൊടുത്ത് അഭിഭാഷകനെ വെക്കുകയാണ്. ഖജനാവിലെ പണമാണിത്. സർക്കാർ അഭിഭാഷകരുള്ളപ്പോൾ പുറത്ത് നിന്നും ലക്ഷങ്ങൾ പൊടിച്ച് വക്കീലുമാരെ ഇറക്കുന്നത് എന്തിനാണെന്നും സുരേന്ദ്രൻ ചോദിച്ചു. 

കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന പ്രചരണം ഇനി വിലപ്പോവില്ല. കൃത്യമായ കണക്കുകൾ ഇല്ലാതെ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് സർക്കാർ. കേരളത്തിന് എത്ര കേന്ദ്ര ഫണ്ട് ലഭിച്ചുവെന്ന് സംസ്ഥാന സർക്കാർ പറയുന്നില്ല. കേന്ദ്രം അനുവദിച്ച റെവന്യൂ ഡെഫിസിറ്റി ഗ്രാൻഡിനെ കുറിച്ചോ ജിഎസ്ടി നഷ്ടപരിഹാരത്തെ കുറിച്ചോ സംസ്ഥാനം പറയുന്നില്ല. നിയമസഭയിൽ വ്യാജ പ്രചരണമാണ് നടക്കുന്നത്. 

കേന്ദ്രം ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ നൽകിയ സംസ്ഥാനമാണ് കേരളം. യുപിഎ സർക്കാരിനേക്കാൾ അഞ്ചിരട്ടി അധികം തുക മോദി സർക്കാർ കേരളത്തിന് നൽകി. വടകര റെയിൽവെ സ്റ്റേഷനിൽ കോടികളുടെ വികസനമാണ് നടക്കുന്നത്. യശ്വന്ത്പൂർ എക്സ്പ്രസ് കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് നീട്ടിയതും വടകരയിലും കൊയിലാണ്ടിയിലും സ്‌റ്റോപ്പ് അനുവദിച്ചതും വടകര പാർലമെൻ്റ് മണ്ഡലത്തിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ്‌. 

കേന്ദ്രഫണ്ട് വിഷയത്തിൽ സത്യം അറിഞ്ഞിട്ടും പ്രതിപക്ഷം ഭരണപക്ഷത്തിന് മൗനസമ്മതം കൊടുക്കുകയാണ്. മാസപ്പടി കേസ് നിയമസഭയിൽ പരാമർശിക്കാൻ പോലും ആഗ്രഹിക്കാത്തയാളാണ് വിഡി സതീശൻ. മന്ത്രിസഭയിലെ അംഗത്തെ പോലെയാണ് സതീശൻ പെരുമാറുന്നത്. പിണറായി വിജയൻ്റെ പെട്ടി തൂക്കാനല്ല സതീശനെ നിയമസഭയിലേക്ക് അയച്ചത്. ദില്ലിയിലെ സമരം ജനവഞ്ചനയാണ്. 25,000 കോടി സംസ്ഥാനം നികുതി പിരിച്ചെടുക്കാനുണ്ടെന്നാണ് സിഎജി റിപ്പോർട്ട്. ഇവരൊക്കെ സർക്കാരിന് മാസപ്പടി കൊടുക്കുന്നവരാണ്. നികുതി പിരിച്ചെടുക്കുന്നതിൽ പരാജയപ്പെട്ട സർക്കാർ കുറ്റം കേന്ദ്രത്തിൻ്റെ തലയിൽ കെട്ടിവെക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ശബരിമലയിലെ അയ്യപ്പഭക്തൻമാരെ അവഹേളിക്കുകയാണ് ദേവസ്വം മന്ത്രി. സർക്കാരിൻ്റെ കഴിവ് കേട് മറയ്ക്കാൻ ഭക്തരെ നിയമസഭയിൽ അവഹേളിക്കുന്ന ദേവസ്വം മന്ത്രി മാപ്പ് പറയണം. സർക്കാർ ശബരിമലയിൽ നടത്തിയത് കടുത്ത മനുഷ്യാവകാശലംഘനമാണ്. മണിക്കൂറുകളോളം ഭക്തർ ക്യൂ നിന്നത് സർക്കാരിൻ്റെ പിടിപ്പുകേടുകൊണ്ടാണ്. അവരെയാണ് ദേവസ്വം മന്ത്രി കളിയാക്കിയത്. മന്ത്രിമാരും മുഖ്യമന്ത്രിയും ആവർത്തിച്ച് കള്ളം പറയുകയാണ്.

മതഭീകരവാദികൾക്ക് വധശിക്ഷ കിട്ടിയതിനെതിരെ ചിലർ രംഗത്ത് വരുന്നുണ്ട്. ഭീകരവാദികളെ സഹായിച്ചവരാണിവർ. അവർക്ക് വളരാൻ പറ്റിയ രാഷ്ട്രീയ കാലാവസ്ഥ കേരളത്തിൽ മാത്രമാണ്. അയോധ്യ പ്രാണപ്രതിഷ്ഠ നടന്നപ്പോൾ കേരളത്തിൽ ഉയർന്ന പ്രതിഷേധം ഇതിൻ്റെ ഉദാഹരണമാണ്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം അണികൾ സിപിഎമ്മും ലീഗിലും ചേർന്നു. ഭീകരവാദ ശക്തികളോട് മൃദുസമീപനം കേരളത്തിൽ മാത്രമാണെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.