മുഖ്യമന്ത്രി എന്നെ വിലകുറച്ച് കാണരുതായിരുന്നു’; പേടിയോ ആശങ്കയോ ഇല്ല പി വി അൻവർ
മലപ്പുറം: തന്നെ കള്ളനായി ചിത്രീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചെന്ന് പി വി അൻവർ എംഎൽഎ. തന്നെ കള്ളക്കടത്തുകാരനാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സാധാരണക്കാർക്ക് തന്നെ മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുമെന്നും അൻവർ പറഞ്ഞു. ഒരു മാധ്യമത്തോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞത് ആരോപണങ്ങൾ ഉന്നയിച്ച് ജയിലിൽ കിടന്നിട്ട് കാര്യമില്ല.
മുഖ്യമന്ത്രി തന്നെ വിലകുറച്ച് കാണേണ്ടതില്ലെന്നും തനിക്ക് ഭയമോ ആശങ്കയോ ഇല്ലെന്നും അൻവർ പറഞ്ഞു. ജനകീയ കോടതിക്ക് മുന്നിലാണ് താൻ നിൽക്കുന്നതെന്നും താൻ പറഞ്ഞതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയിൽ രണ്ടാമനാകണമെന്ന മോഹം മന്ത്രി മുഹമ്മദ് റിയാസിനുണ്ടാകും. മുഖ്യമന്ത്രിക്കും ഇത് തന്നെയുണ്ടാകുമെന്നും എന്നാൽ അത് നടക്കില്ലെന്നും അൻവർ പറഞ്ഞു. മുഹമ്മദ് റിയാസ് കഴിവുകെട്ടവനാണെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മുതിർന്ന നേതാക്കൾ ഏറെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ മുഖ്യമന്ത്രിക്ക് ഭയമാണ്. ശശി എന്ത് മഹത്തായ പ്രവൃത്തിയാണ് ചെയ്തതെന്ന് അൻവർ ചോദിച്ചു. ശശിയെ കാട്ടു കള്ളനെന്ന് അൻവർ ഇന്നലെ വിളിച്ചിരുന്നു. സി.പി.എമ്മിൽ ദാസ്യപ്പണി നടക്കുകയാണ്, സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദന് പോലും മിണ്ടാൻ പറ്റാത്ത അവസ്ഥയാണ്. തൻ്റെ അവസ്ഥ ഇങ്ങനെയാണെങ്കിൽ ബാക്കിയുള്ളവരുടെ ഗതി എന്തായിരിക്കുമെന്ന് അൻവർ ചോദിച്ചു.