കണ്ണുകൾ, വായ സ്ഥലത്തല്ല, നാവ് അകത്തേക്ക് പോകുന്നു’; ഭിന്നശേഷിക്കാരനായ കുഞ്ഞിന് ഡോക്ടർമാർക്കെതിരെ കേസ്
ആലപ്പുഴ: ഗുരുതര അവശതകളോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.ഷെർലി, ഡോ.പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു.
കുഞ്ഞിൻ്റെ ചെവിയും കണ്ണും ശരിയായ സ്ഥലത്തല്ലെന്ന് വീട്ടുകാർ പരാതിപ്പെട്ടു. കുഞ്ഞ് വായും കണ്ണും തുറക്കുന്നില്ല. ഹൃദയത്തിൽ ഒരു ദ്വാരമുണ്ട്. ജനനേന്ദ്രിയങ്ങളൊന്നുമില്ല.
മുഖം ശരിയായ രൂപത്തിലല്ല. കുഞ്ഞിനെ കട്ടിലിൽ കിടത്തിയാൽ നാവ് അകത്തേക്ക് പോകും. കാലുകളും കൈകളും വളഞ്ഞിരിക്കുന്നു. ഗർഭാവസ്ഥയിൽ പലതവണ സ്‌കാൻ ചെയ്തിട്ടും വൈകല്യമൊന്നും ഡോക്ടർമാർ കണ്ടെത്തിയില്ലെന്ന് കുട്ടിയുടെ അമ്മ പരാതിയിൽ പറഞ്ഞു.
സംഭവത്തിൽ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. ആരോഗ്യവകുപ്പ് ഡയറക്ടർ ഡിഎംഒയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ടിനോട് ഉടൻ റിപ്പോർട്ട് നൽകാൻ ഡിഎംഒ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് സൂപ്രണ്ട് ഉടൻ ഡിഎംഒയ്ക്ക് കൈമാറും.
അതേസമയം തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഡോ.പുഷ്പ പറഞ്ഞു. ഗർഭത്തിൻറെ ആദ്യ രണ്ട് മാസങ്ങളിൽ മാത്രമാണ് കുഞ്ഞിൻ്റെ അമ്മയ്ക്ക് ചികിത്സ നൽകിയത്. ഈ കാലയളവിൽ കുഞ്ഞിൻ്റെ വൈകല്യം കണ്ടുപിടിക്കാൻ കഴിയില്ല. അഞ്ചാം മാസത്തിലാണ് വൈകല്യം കണ്ടെത്തുന്നത്. ആ സമയത്ത് കുഞ്ഞിൻ്റെ അമ്മ തൻ്റെ അടുത്ത് ചികിത്സയ്ക്കായി എത്തിയിരുന്നില്ലെന്നും ഡോ.പുഷ്പ വ്യക്തമാക്കി.