മേഘനാഥനോട് വിടപറഞ്ഞ് സിനിമാ ലോകം; അച്ഛൻ ബാലൻ കെ നായരുടെ സ്മാരകത്തിന് സമീപം സംസ്‌കരിച്ചു

 
Megha Nadan

കോഴിക്കോട്: ഇന്ന് പുലർച്ചെ അന്തരിച്ച നടൻ മേഘനാഥന് മലയാള സിനിമാ ലോകം വിട നൽകി. ഷൊർണൂരിലെ തറവാട്ടുവീടിന് സമീപം ഉച്ചകഴിഞ്ഞ് 3.30ഓടെയായിരുന്നു സംസ്കാരം. പിതാവ് നടൻ ബാലൻ കെ നായരുടെ സ്‌മാരകത്തിന് സമീപം സംസ്‌കരിച്ചു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മേഘനാഥൻ ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്.

മേഘനാഥന് സിനിമാ സാംസ്കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. മുൻ മന്ത്രി എ.കെ.ബാലൻ എം.എൽ.എമാരായ പി.മമ്മിക്കുട്ടി, മുഹമ്മദ് മുഹ്‌സിൻ, നടൻമാരായ സിജു വിൽസൺ, കോട്ടയം നസീർ, സീമ ജി.നായർ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. നിരവധി ആരാധകരും നാട്ടുകാരും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

നടൻ ബാലൻ കെ നായരുടെയും ശാരദ നായരുടെയും മകനാണ് മേഘനാഥൻ. സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. 1983ൽ പുറത്തിറങ്ങിയ അസ്ത്രം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഇഇ പുഴയും കടന്ന്, ചെങ്കോൽ, ഉത്തമൻ തുടങ്ങി അമ്പതോളം ചിത്രങ്ങളിൽ മേഘനാഥൻ അഭിനയിച്ചു.

പറയൻ ബാക്കി വച്ചത് സ്നേഹാഞ്ജലി, മേഘജീവിതം തുടങ്ങിയ നിരവധി ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. ഭാര്യ സുസ്മിതയും മകൾ പാർവതിയുമാണ്.