നഹാസിനെ ഒഴിവാക്കാൻ പെൺകുട്ടിയെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റി; രാത്രി കേക്കുമായി എത്തിയ ഇയാളെ ബന്ധുക്കൾ മർദ്ദിച്ചു
പത്തനംതിട്ട: കൊല്ലത്ത് പതിനാറുകാരിയെ കാണാൻ രാത്രി പിറന്നാൾ കേക്കുമായി എത്തിയ പത്തനംതിട്ട സ്വദേശിയായ യുവാവിനെ ബന്ധുക്കൾ മർദിച്ചു. കൊല്ലം തേവലക്കരയിൽ ചൊവ്വാഴ്ചയാണ് സംഭവം. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് (22) പരിക്കേറ്റത്. വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന ബന്ധുക്കളുടെ പരാതിയിൽ കൊല്ലം തെക്കുംഭാഗം പൊലീസ് ഇയാൾക്കെതിരെ പോക്‌സോ കേസെടുത്തു.
പെൺകുട്ടിയുടെ ബന്ധുക്കൾ തന്നെ കെട്ടിയിട്ട് കെട്ടിത്തൂക്കിയ ശേഷം തുണിയിൽ തേങ്ങ കെട്ടി ചെവിയിൽ തീപ്പെട്ടി ഉരച്ച ശേഷം മർദിക്കുകയായിരുന്നുവെന്ന് നഹാസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
നഹാസ് പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്താറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഇയാൾ ശല്യപ്പെടുത്താൻ പോയതോടെ പെൺകുട്ടിയെ തേവലക്കരയിലുള്ള ബന്ധുവീട്ടിലേക്ക് മാറ്റി. കേക്കുമായി വീട്ടിലെത്തിയ ഇയാളെ ബന്ധുക്കൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
ഇയാളുടെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ട്. പോലീസ് എത്തി ഇയാളെ വിട്ടയച്ചു. നഹാസ് ഇപ്പോൾ ചികിത്സയിലാണ്.