കാറിടിപ്പിച്ച ശേഷം കടന്നു കളഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Sep 16, 2024, 11:29 IST
കൊല്ലം : മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തിയ കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ ശേഷം കടന്നു കളഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
കൊല്ലം ജില്ലാ പോലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി ആവശ്യപ്പെട്ടു. അപകടമുണ്ടാക്കിയ ശേഷം കടന്നു കളത്ത കാറിലുണ്ടായിരുന്നത് , ചെയ്യുന്ന തെറ്റിന്റെ ഗൗരവം നന്നായി മനസിലാവുന്ന ഒരു വനിതാ ഡോക്ടറാണെന്ന റിപ്പോർട്ടുകൾ അത്ഭുതപ്പെടുത്തുന്നതാണെന്ന് വി.കെ. ബിനാകുമാരി പറഞ്ഞു.
കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും കാർ ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും മദ്യപിച്ചിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തത്.