സൈലന്റ് വാലിയിൽ കാണാതായ ജീവനക്കാരനെ കണ്ടെത്താനുള്ള അന്വേഷണം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തണം: മനുഷ്യാവകാശ കമ്മീഷൻ


പാലക്കാട് : താത്ക്കാലിക വനംവകുപ്പ് വാച്ചറായി ജോലി നോക്കവെ 2022 മേയ് 3 ന് കാണാതായ പി. പി. രാജനെ കണ്ടെത്താൻ പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് കാര്യക്ഷമമായി തുടരന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
ആളെ കണ്ടെത്താനായിട്ടില്ലെന്ന് (അൺഡിക്റ്റെറ്റഡ്) കണക്കാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതായി ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി കമ്മീഷനെ അറിയിച്ച സാഹചര്യത്തിലാണ് ഉത്തരവ്. ഇത്തരം ഒരു റിപ്പോർട്ട് കോടതിയിൽ നൽകിയാലും ജില്ലാ ക്രൈംബ്രാഞ്ചിന് കീഴിലുള്ള ഡി എം പി റ്റി യൂണിറ്റ് കേസന്വേഷണം തുടരുമെന്ന് സിറ്റിംഗിൽ ഹാജരായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ കമ്മീഷനെ അറിയിച്ചു.
പി. പി. രാജന്റെ മകൾ മുക്കാലി സ്വദേശിനി രേഖാ രാജ് സമർപ്പിച്ച പരാതിയിലാണ് നടപടി. അഗളി ഡി വൈ എസ് പി യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സംഭവത്തിൽ അഗളി പോലീസ് ക്രൈം 113/22 നമ്പറായി കേസെടുത്തതായി ഡി വൈ എസ് പി അറിയിച്ചു. അഗളി ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസന്വേഷണം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ലോക്കൽ, ആന്റി നക്സൽ, തണ്ടർബോൾട്ട് സേനാംഗങ്ങളും മുക്കാലി റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും വനപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഉപകാരപ്രദമായ സൂചനകളൊന്നും ലഭിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജൻ
ഉപയോഗിച്ചതായി പറയുന്ന മുണ്ടും ടോർച്ചും ഒരു ജോഡി ചെരുപ്പും രണ്ട് പാരസെറ്റമോൾ ഗുളികകളും ബന്തവസ്സിലെടുത്തിട്ടുണ്ട്. സ്ഥലത്ത് വന്യമൃഗങ്ങളുടെ കാൽപ്പാടുകൾ എന്ന് സംശയിക്കാവുന്ന വിരൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് തലേന്ന് പ്രദേശത്ത് കനത്ത മഴ പെയ്തതിനാൽ വിരൽപ്പാടുകൾ വന്യമൃഗത്തിന്റേതാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വനംവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടു വന്നു. വെറ്റിനറി മെഡിക്കൽ ഓഫീസറെ നിയോഗിച്ച് ഇതിൽ വ്യക്തത വരുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.