ഹൃദയതാളങ്ങൾ ഒത്തുചേർന്നു; അതിജീവനത്തിൻ്റെ നേർക്കാഴ്ചയായി ഹാർട്ട് കെയർ ഫൗണ്ടേഷൻ- ലിസി 'ഹൃദയസംഗമം'

 
Kochi
Kochi

​കൊച്ചി: ആശങ്കയുടെ നാളുകൾ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ ഹൃദയങ്ങൾ ഒരേ വേദിയിൽ സംഗമിച്ചു. തങ്ങളെ ജീവിതത്തിലേക്ക് തിരികെനടത്തിയ ഡോക്ടർമാരെയും താങ്ങായി നിന്ന കുടുംബാംഗങ്ങളെയും സാക്ഷിയാക്കി അവർ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ,ലിസി ഹോസ്പിറ്റലും ഹാർട്ട് കെയർ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ 'ഹൃദയ സംഗമം' സ്നേഹത്തിന്റെയും അതിജീവനത്തിന്റെയും അവിസ്മരണീയ ഒത്തുചേരലായി. ലോക ഹൃദയ ദിനത്തോടനുബന്ധിച്ച്   ലിസി ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ഹൃദയസ്പർശിയായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ​ചടങ്ങ് സൗത്ത് ഇന്ത്യൻ ബാങ്ക് സ്വതന്ത്ര ഡയറക്ടർ വി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. 

മെഡിക്കൽ രംഗത്തുണ്ടായ വളർച്ച ആയുർദൈർഘ്യം ഗണ്യമായി വർധിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.  60 വയസ്സ് കഴിഞ്ഞാൽ വാർധക്യമായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് 80 വയസ്സ് കഴിഞ്ഞവരും ചെറുപ്പക്കാരെപ്പോലെ ആരോഗ്യത്തോടെ ജീവിക്കുന്നത്. ഇത് മെഡിക്കൽ രംഗത്തെ വലിയ മാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

​ചടങ്ങിന്റെ ഭാഗമായി, ഹൃദ്രോഗ ചികിത്സാ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഹാർട്ട് കെയർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് പുരസ്കാരം പ്രമുഖ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റായ ഡോ. മുല്ലശ്ശേരി അജിത് ശങ്കർദാസിന് വി.ജെ. കുര്യൻ സമ്മാനിച്ചു. അമ്പതിനായിരം രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ചെന്നൈ മദ്രാസ് മെഡിക്കൽ മിഷനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ-വാസ്കുലർ ഡിസീസസ് വിഭാഗത്തിന്റെ ചെയർമാനും മേധാവിയുമാണ് ഡോ. അജിത് ശങ്കർദാസ്.

ലിസി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. പോൾ കരേടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ​ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഹാർട്ട് കെയർ ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. ജേക്കബ് എബ്രഹാം, സെക്രട്ടറി രാജു കണ്ണമ്പുഴ, കൊച്ചി റോട്ടറി ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ്, മെഡിക്കൽ പാനൽ ചെയർമാൻ ഡോ. റോണി മാത്യു കടവിൽ എന്നിവർ സംസാരിച്ചു.
​സംഗമത്തോടനുബന്ധിച്ച്  ബോധവൽക്കരണ ക്ലാസുകളും വിദഗ്ദ്ധരുമായുള്ള സംവാദവും നടന്നു. ഹൃദയാരോഗ്യം സംബന്ധിച്ച ആശങ്കകൾക്ക് വിദഗ്ദ്ധ ഡോക്ടർമാർ മറുപടി നൽകി.