കൈപിടിച്ച കരങ്ങൾക്ക് കരുത്തായി വിദ്യാർഥികൾ

 വി.മുരളീധരന് കെട്ടിവയ്ക്കാനുള്ള കാശ് നൽകി യുക്രെയ്നിൽ നിന്ന് രക്ഷപെട്ടവർ 

 
V.Muraleedharan

തിരുവനന്തപുരം: ആറ്റിങ്ങൽ ബിജെപി - എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കെട്ടിവയ്ക്കാനുള്ള തുക നൽകി യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾ. ബിജെപി സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥി സംഘത്തെ പ്രതിനിധീകരിച്ചു സായി ശ്രുതി, സൗരവ് എന്നിവരും രക്ഷിതാക്കളും ചേർന്ന് പണം വി.മുരളീധരന് കൈമാറി.

യുദ്ധഭൂമിയിൽ നിന്നുള്ള രണ്ടാംജന്മം പോലുള്ള തിരികെ വരവിന് എല്ലാ പിന്തുണയും ധൈര്യവും നൽകി ഒപ്പം നിന്നതിനുള്ള സ്നേഹാദരമാണ് ഇതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. 

നരേന്ദ്രമോദി സർക്കാരിൻ്റെ ഭാഗമായി പ്രവർത്തിച്ചപ്പോൾ ഏറ്റവും കൂടുതൽ ആത്മസംതൃപ്തി നൽകിയത് മറുനാട്ടിൽ നിന്നുള്ള രക്ഷാദൗത്യങ്ങളെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ലോക്ഡൗൺ സമയത്ത് ആരംഭിച്ച ഓപ്പറേഷൻ വന്ദേഭാരത് മുതൽ ഒടുവിൽ റഷ്യയിൽ നിന്ന് അഞ്ചുതെങ്ങ് സ്വദേശികളെ തിരികെ എത്തിക്കുന്നത്  വരെയുള്ള അഭിമാന ദൗത്യങ്ങളുടെ ഭാഗമായതിനാൽ സന്തോഷമുണ്ട്. മൂവായിരം മലയാളികൾ അടങ്ങുന്ന ഇരുപതിനായിരം വിദ്യാർത്ഥികളെ യുക്രെയ്ൻ യുദ്ധഭൂമിയിൽ നിന്ന് ഒഴിപ്പിച്ച ദൗത്യത്തിൻ്റെ അനുഭവങ്ങളും കേന്ദ്രമന്ത്രി പങ്കുവെച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരുത്തുറ്റ നേതൃത്വമാണ് ഓരോ ദൗത്യത്തെയും വിജയിപ്പിച്ചതെന്ന് മുരളീധരൻ പറഞ്ഞു..  വിദേശകാര്യമന്ത്രി എസ്. ജയശങ്കറിൻ്റെ പിന്തുണയും നിർണായകമായി. ലോകത്ത് എവിടെ ഇത് ദുർഘട സാഹചര്യത്തിൽ ഇന്ത്യക്കാർ അകപ്പെട്ടാലും
സുരക്ഷിതമായി തിരികെ കൊണ്ടുവരുമെന്നത് നരേന്ദ്രമോദിയുടെ ഗ്യാരൻ്റിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.