പ്രസാദത്തിലും നിവേദ്യത്തിലും അരളി പൂവ് ഉപയോഗിക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിരോധിച്ചു

 
Arali Pookkal

തിരുവനന്തപുരം: പ്രസാദത്തിലും നിവേദ്യത്തിലും അരളി പൂവ് ഉപയോഗിക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിരോധിച്ചു. അരളി പൂവിന് വിഷാംശം ഉണ്ടെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് ബോർഡ് നടപടി സ്വീകരിച്ചത്. സമൂഹത്തിൻ്റെ ആശങ്ക കണക്കിലെടുത്താണ് തീരുമാനമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ പി എസ് പ്രശാന്ത് പറഞ്ഞു.

പൂജകൾക്ക് അരളി പൂവ് ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനം നാളെ മുതൽ നിലവിൽ വരും. ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ അരളിയുടെ ഇല ചവച്ച് മരിച്ചെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് അരളി പൂവ് നിരോധിക്കാൻ തീരുമാനിച്ചത്. അരളി ചെടിയുടെ ഇലയും തണ്ടും തിന്ന് പശുവും കിടാവും ചത്തിരുന്നു.

തെങ്ങമം മഞ്ജു ഭവനിൽ വാസുദേവ കുറുപ്പിൻ്റെതാണ് പശുവും കിടാവും. അയൽവാസി വെട്ടിയ ചെടിയുടെ ഇലകൾ പശുവും കിടാവും തിന്നിരുന്നു. ദഹനപ്രശ്നത്തെ തുടർന്ന് അവർ തളർന്നു. മൃഗഡോക്ടർമാർ മരുന്ന് നൽകിയെങ്കിലും ഫലമുണ്ടായില്ല.

ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകൾ അരളിയിൽ അടങ്ങിയിട്ടുണ്ട്. ചെടിയുടെ എല്ലാ ഭാഗങ്ങളും വിഷമാണ്. ആയുർവേദത്തിൽ അരളി പൂവ് സംസ്കരിച്ച് വിഷവിമുക്തമാക്കി ചില എണ്ണകൾ ഉണ്ടാക്കുന്നു. മഞ്ഞയും പിങ്ക് നിറത്തിലുള്ള അരളി നേരത്തെ ഗ്രാമങ്ങളിൽ വേലിയായി ഉപയോഗിച്ചിരുന്നു.