വഖഫ് ഭേദഗതി നിയമത്തിന് മുൻകാല പ്രാബല്യമില്ല'; കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കോഴിക്കോട് വഖഫ് ഭൂമി കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് ഭേദഗതി നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവിറക്കിയത്. 2013-ലെ വഖഫ് ഭേദഗതി നിയമത്തിന് മുമ്പ് തന്നെ പ്രസ്തുത സ്വത്ത് കൈവശക്കാരുടെ കൈവശം ഉണ്ടായിരുന്നതായി കോടതി നിരീക്ഷിച്ചു.
വഖഫ് ബോർഡിൻ്റെ അനുമതിയില്ലാതെ വസ്തു കൈവശം വച്ചുവെന്നാരോപിച്ചാണ് കോഴിക്കോട് പോസ്റ്റ് ഓഫീസിലെ ജീവനക്കാർക്കെതിരെ കേസെടുത്തത്.
വഖഫ് ബോർഡ് നൽകിയ പരാതിയിൽ 2017ൽ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി രണ്ട് പോസ്റ്റ് ഓഫീസ് ജീവനക്കാർക്കെതിരെ കേസെടുത്തിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് പോസ്റ്റ് ഓഫീസ് ജീവനക്കാർ പിന്നീട് ഹൈക്കോടതിയെ സമീപിച്ചു. 2013ലെ വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് വഖഫ് ഭൂമി കൈവശപ്പെടുത്തിയതിനെതിരെ ബോർഡ് നടപടിയെടുത്തത്.
എന്നാൽ വഖഫ് ഭേദഗതി നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ഭൂമി കൈവശം വെച്ചതിന് ക്രിമിനൽ നടപടിയെടുക്കാൻ കഴിയില്ലെന്ന് അതിൽ വ്യക്തമാക്കിയിരുന്നു.
മുനമ്പം പോലുള്ള സ്ഥലങ്ങളിലെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ കണക്കിലെടുത്ത് ഹൈക്കോടതിയുടെ സുപ്രധാന വിധിയാണിത്. മുനമ്പം ചാവക്കാട്, വയനാട് തുടങ്ങിയ പ്രദേശങ്ങളിൽ വഖഫ് ബോർഡ് ഭൂമി സംബന്ധിച്ച് ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ വിധി നിർണായകമാണ്.