ദുബായിൽ ലൈംഗികാതിക്രമത്തിന് ഇരയായ ദിവസങ്ങളിൽ യുവതി കേരളത്തിൽ ഉണ്ടായിരുന്നു
കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ മൊഴിയിൽ പൊരുത്തക്കേടുള്ളതിനാൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ്. 2023 നവംബറിലും ഡിസംബറിലും ദുബായിലെ ഒരു ഹോട്ടലിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു അവരുടെ ആദ്യ പരാതി.
ഈ മാസങ്ങളിൽ യുവതി കേരളത്തിൽ ഉണ്ടായിരുന്നുവെന്നാണ് പോലീസിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം. ഇത് വ്യക്തമാക്കാൻ ഇവരുടെ യാത്രാരേഖകൾ പരിശോധിക്കും. ഹോട്ടൽ അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. പരാതിയിൽ പറയുന്ന ഹോട്ടലിൽ 2021ന് ശേഷം നിവിൻ താമസിച്ചിട്ടില്ലെന്ന് പോലീസും സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
യുവതിയുടെ ആദ്യ പരാതി ലഭിച്ചപ്പോൾ പോലീസ് നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി. ആറാം പ്രതി നിവിൻ പോളി ഉൾപ്പെടെ ആറു പേർക്കെതിരെ ഊന്നുകൽ പൊലീസ് കേസെടുത്തു. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിർമാതാവ് തൃശൂർ സ്വദേശി എ കെ സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് മറ്റു പ്രതികൾ.
കഴിഞ്ഞ നവംബറിൽ യൂറോപ്പിൽ കെയർ ഗിവർ ആയി ജോലി നൽകുമെന്ന് ശ്രേയ വാഗ്ദാനം ചെയ്തിരുന്നു. അത് നടക്കാതെ വന്നപ്പോൾ സിനിമാ മേഖലയിലെ ചിലരുമായി ബന്ധമുണ്ടെന്നും സിനിമയിൽ അവസരം തരാമെന്നും പറഞ്ഞ് ദുബായിൽ എത്തിച്ചു. മറ്റ് പ്രതികൾ ഹോട്ടൽ മുറിയിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി.
പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇതേ സംഘം തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് കാണിച്ച് യുവതി ഒരുമാസം മുമ്പ് ഊന്നുകൽ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ പീഡന പരാതിയെ തുടർന്നാണ് ഇപ്പോഴത്തെ നടപടി. ലൈംഗികാരോപണം നുണയാണെന്നും തീർത്തും അടിസ്ഥാനരഹിതമാണെന്നും അങ്ങനെയൊരു പെൺകുട്ടിയെ താൻ കണ്ടിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും നിവിൻ പോളി വ്യക്തമാക്കിയിരുന്നു.
നിവിൻ പോളിക്കെതിരായ ലൈംഗികാതിക്രമ പരാതി വ്യാജമാണെന്ന് കാണിച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലൈംഗികാതിക്രമം നടന്ന ദിവസങ്ങളിൽ നിവിൻ തനിക്കൊപ്പം ഷൂട്ട് ചെയ്തിരുന്നുവെന്നും ദുബായിൽ ഇല്ലായിരുന്നുവെന്നും വിനീത് പറഞ്ഞു. താൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയുടെ ചിത്രീകരണത്തിൽ നിവിൻ ഒപ്പമുണ്ടായിരുന്നുവെന്ന് വിനീത് പറഞ്ഞു. അതിനുള്ള ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യവും സംഭവത്തിൽ പ്രതികരിച്ചു. പരാതിക്കാരനായ നിവിൻ പോളി പറഞ്ഞ തീയതികളിൽ ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റിലായിരുന്നു. ‘ഒറ്റക്കു വഴിവെട്ടി വന്നവനാട ഞാൻ’ എന്ന ഹിറ്റ് ഡയലോഗ് പരാതിക്കാരൻ പറഞ്ഞ തീയതി ഡിസംബർ 14നാണ് ചിത്രീകരിച്ചതെന്നും വിശാഖ് പറഞ്ഞു.
ഡിസംബർ 1, 2, 3, 14 തീയതികളിൽ സിനിമയുടെ ചിത്രീകരണത്തിനായി നിവിൻ എനിക്ക് ഡേറ്റ് തന്നു. നിവിൻ ഒപ്പിട്ട കരാർ തൻ്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1,2,3 തീയതികളിൽ മൂന്നാറിലായിരുന്നു ഷൂട്ടിംഗ്. ഡിസംബർ 14ന് രാവിലെ 7.30 മുതൽ 2.30 വരെ നിവിൻ എറണാകുളം ന്യൂക്ലിയസ് മാളിൽ ഉണ്ടായിരുന്നുവെന്നും വിശാഖ് വെളിപ്പെടുത്തി.