സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ ജാഗ്രതാ നിർദേശം, മത്സ്യബന്ധനം നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട്.
ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കനത്ത മഴ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴയാണ്. ഇടിമിന്നലോട് കൂടിയ മഴ പ്രതീക്ഷിക്കുന്നു.
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.
കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നലെ മുതൽ ഒക്ടോബർ 12 വരെയും കർണാടക തീരങ്ങളിൽ ഒക്ടോബർ 11 വരെയും ഐഎംഡി മത്സ്യബന്ധനം നിരോധിച്ചിരിക്കുന്നു. ഒക്‌ടോബർ 12 വരെ: കേരള ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും കാറ്റും മോശം കാലാവസ്ഥയും.