15 മിനിറ്റ് വൈദ്യുതി നിയന്ത്രണമെന്നായിരുന്നു പ്രഖ്യാപനം
കേരളത്തിൽ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. പരമാവധി 15 മുതൽ 30 മിനിറ്റ് വരെ മാത്രമായിരിക്കും രാത്രി സമയത്തെ വൈദ്യുതി നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും, സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും 45 മിനിറ്റിലേറെയും ചിലയിടങ്ങളിൽ ഒന്നിലധികം തവണയും വൈദ്യുതി മുടങ്ങുന്നതായി വ്യാപക പരാതി ഉയരുകയാണ്.
സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നതും, ദേശീയ ഗ്രിഡിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യത കുറഞ്ഞതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മഴ കുറവായതിനെ തുടർന്ന് ജലവൈദ്യുത ഉൽപ്പാദനവും കുറഞ്ഞിട്ടുണ്ട്. ഇതോടെ ഗ്രിഡിന്റെ സ്ഥിരത നിലനിർത്താൻ വൈദ്യുതി നിയന്ത്രണം അനിവാര്യമാണെന്നാണ് അധികൃതരുടെ വിശദീകരണം.
അതേസമയം, പ്രഖ്യാപിച്ചതിനേക്കാൾ കൂടുതൽ സമയം മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്. ജനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും രാത്രി സമയത്തെ ദീർഘനേരത്തെ വൈദ്യുതി മുടക്കം വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് പരാതി.
കൂടുതൽ വൈദ്യുതി ഹ്രസ്വകാല കരാറിലൂടെ വാങ്ങാൻ അനുമതി തേടി സംസ്ഥാന വൈദ്യുതി ബോർഡ് വൈദ്യുതി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിട്ടുണ്ട്. അതേസമയം വൈകിട്ട് 6 മുതൽ രാത്രി 11 വരെ എയർ കണ്ടീഷണർ, ഇൻഡക്ഷൻ കുക്കർ, വാഷിംഗ് മെഷീൻ തുടങ്ങിയ ഉയർന്ന വൈദ്യുതി ഉപയോഗമുള്ള ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് ഉപഭോക്താക്കളോട് ബോർഡ് വീണ്ടും അഭ്യർഥിച്ചു.