കേരള സ്കൂൾ കായികമേള കൊച്ചി '24 ന്റെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം ഉണ്ടായി:മന്ത്രി വി ശിവൻകുട്ടി

 
sivankutty

കൊച്ചി: കേരള സ്കൂൾ കായികമേള കൊച്ചി '24 ന്റെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം ഉണ്ടായതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആസൂത്രണം കൊണ്ടും സംഘാടനം കൊണ്ടും മികച്ച മേളയായിരുന്നു കേരള സ്കൂൾ കായികമേള കൊച്ചി '24. സമാപന സമ്മേളനം മികച്ച നിലയിൽ മുന്നോട്ടു പോകുമ്പോഴാണ് മികച്ച സ്കൂളിന്റെ പേരിലുള്ള തർക്കം തിരുനാവായ നാവാമുകുന്ദ സ്കൂൾ ഉന്നയിക്കുന്നത്.

സ്കൂളിന്റെ പ്രതിനിധിയുമായി വേദിയിൽ വച്ച് തന്നെ കുടിക്കാഴ്ച നടത്തി അവരുടെ പരാതി ഗൗരവമായി കണക്കിലെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അത് ചെവിക്കൊള്ളാതെയാണ് മേള  അലങ്കോലമാക്കാൻ ശ്രമം നടന്നത്. പരിപാടി അലങ്കോലപ്പെടുത്തരുതെന്ന്  നവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്കൂളുകളോട്  ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ഫലം ഉണ്ടായില്ല.

സാംസ്കാരിക പരിപാടി തടയാനും വളണ്ടിയർമാരെ മർദ്ദിക്കാനും ശ്രമമുണ്ടായി. കായികമേളയുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേൽപ്പിക്കുന്ന രീതിയിൽ ആയിരുന്നു വിരലിലെണ്ണാവുന്നവരുടെ പ്രവർത്തനം. ഇക്കാര്യം പൊതു വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിശോധിക്കും.മേളയെ അലങ്കോലപ്പെടുത്താനുള്ള ശ്രമത്തെ ശക്തമായ അപലപിക്കുന്നു.

ലോകത്ത് എവിടെ മത്സരം നടന്നാലും തർക്കങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാവാറുണ്ട്. അവ പരിഹരിക്കാൻ വ്യവസ്ഥാപിത രീതികളും ഉണ്ട്. അപ്പീൽ കമ്മിറ്റിയും കോടതികളുണ്ട്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത  ആദ്യ സ്കൂൾ ഒളിമ്പിക്സിന്റെ സമാപന സമ്മേളനത്തെ അലങ്കോലപ്പെടുത്തിയതിന്റെ അപഖ്യാതി ഈ രണ്ട് സ്കൂൾ അധികൃതർക്കാണ്. 24,000 കായികതാരങ്ങൾ പങ്കെടുത്ത മേളയിൽ തിരുനാവായ നാവാമുകുന്ദ സ്കൂളിൽ നിന്ന് 31 കായികതാരങ്ങളും മാർ ബേസിലിൽ നിന്ന്  76 കായികതാരങ്ങളും ആണ്  പങ്കെടുത്തത്. ഒരു അപശബ്ദവും ഇല്ലാതെയാണ് സമാപനദിവസം വരെ മേള സംഘടിപ്പിച്ചത്. ഇത്തവണ സ്കൂൾ ഒളിമ്പിക്സ് എന്ന രീതിയിൽ സംഘടിപ്പിക്കപ്പെട്ട മേള എല്ലാ സ്കൂളുകളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് മുന്നോട്ടുനീങ്ങിയത്. 

കായികമേള അലങ്കോലപ്പെടുത്താൻ ശ്രമിച്ചവരുടെ ആവശ്യം സ്പോർട്സ് സ്കൂളിനെ ഒഴിവാക്കിക്കൊണ്ട് ഏറ്റവും കൂടുതൽ പോയിന്റ് ആ സ്കൂളുകൾക്ക് നൽകണമെന്നായിരുന്നു. ഇക്കാര്യം അടക്കം പരിശോധിക്കുമെന്ന് ഉറപ്പ് പറഞ്ഞിട്ട് പോലും മേള അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായി. 10 വയസ്സിന് താഴെയുള്ള കുട്ടികൾ വരെ അണിനിരന്ന  കലാപരിപാടി തടസ്സപ്പെടുത്താൻ വേണ്ടി മൈക്ക് ഓഫ് ചെയ്യുന്ന നില വരെയുണ്ടായി. ഇതിനെല്ലാം നേതൃത്വം നൽകിയത് ഈ സ്കൂളുകളിലെ അധ്യാപകരാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് അര ഡസനോളം മേളകൾ സംഘടിപ്പിക്കുന്നുണ്ട്. തങ്ങൾ ഉദ്ദേശിച്ച കാര്യം നടന്നില്ലെങ്കിൽ അതിക്രമം കാണിക്കുന്ന സമീപനം ഇത്തരം മേളകൾ സംഘടിപ്പിക്കുന്നതിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. 

2018 ഓഗസ്റ്റ് 17 നാണ് കേരള സ്കൂൾ കായികമേളയുടെ മാനുവൽ പരിഷ്കരിച്ചത്. ഇതിൽ ഒരിടത്തും ജനറൽ സ്കൂൾ എന്നും സ്പോർട്സ് സ്കൂൾ എന്നും  വേർതിരിവ് വേണമെന്ന് പറയുന്നില്ല.

ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കപ്പെട്ട കേരള സ്‌കൂൾ കായിക മേള കൊച്ചി ട്വന്റിഫോർ ചരിത്രം കുറിച്ചിരിക്കുകയാണ്. സംഘാടനത്തിലും പങ്കെടുക്കുന്നവരുടെ എണ്ണത്തിലും ലോകത്തിലെ ഏറ്റവും വലിയ യുവ കായികമേളയായി ഇത് മാറി. 

മേളയുടെ വിജയത്തിനായി പതിനഞ്ച് കമ്മിറ്റികൾ മാതൃകാപരമായി പ്രവർത്തിച്ചു.അധ്യാപക സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളുമാണ് കമ്മിറ്റികൾക്ക് നേതൃത്വം നൽകിയത്. 

ഓരോ ദിവസവും, ഏകദേശം ഇരുപതിനായിരത്തോളം (20,000) ആളുകൾക്ക് മേളയിൽ ഭക്ഷണം നൽകി. ഇതും ചരിത്രമാണ്.മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി സംഘടിപ്പിക്കുന്ന ഇൻക്ലൂസീവ് സ്‌പോർട്‌സിൻ്റെ വിജയകരമായ സംയോജനത്തിലൂടെ ഈ വർഷം ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. 

 ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന  ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിൽ ആദ്യമായി എവർ - റോളിംഗ് ട്രോഫി ഇത്തവണ നൽകി. ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കപ്പെട്ട കേരള സ്കൂൾ കായികമേള കൊച്ചി ട്വന്റി ഫോറിൽ പിറന്നത് നാൽപ്പത്തി നാല് മീറ്റ് റെക്കോർഡുകൾ ആണ്.

ആയിരത്തി എഴുന്നൂറ്റി നാൽപ്പത്തി ഒന്ന്(1741) സ്വർണ മെഡലുകളും അത്രയും തന്നെ വെള്ളി മെഡലുകളും രണ്ടായിരത്തി നാൽപ്പത്തി ഏഴ്(2047) വെങ്കല മെഡലുകളും മേളയിൽ വിതരണം ചെയ്തു.കായിക താരങ്ങൾക്ക് ക്യാഷ് പ്രൈസ് ആയി 20 ലക്ഷം  രൂപ വിതരണം ചെയ്തു.മുപ്പത്തി ഒമ്പത് കായിക ഇനങ്ങളിൽ ആയി ആകെ പന്ത്രണ്ടായിരത്തി എഴുന്നൂറ്റി മുപ്പത്തി ഏഴ് (12737)ആൺകുട്ടികളും പതിനൊന്നായിരത്തി എഴുപത്തി ആറ്(11076) പെൺകുട്ടികളും അടക്കം ഇരുപത്തി മൂവായിരത്തി എണ്ണൂറ്റി പതിമൂന്ന് കായികതാരങ്ങൾ മേളയിൽ പങ്കെടുത്തു.

ഇതിൽ ആയിരത്തി അഞ്ഞൂറ്റി എൺപത്തി ഏഴ് (1,587 ) കായികതാരങ്ങൾ ഇൻക്ലൂസീവ് സ്‌പോർട്‌സിലാണ് പങ്കെടുത്തത്.ഈ സംഖ്യകൾ നമ്മുടെ വിദ്യാർത്ഥികളുടെ വ്യാപ്തിയും അർപ്പണബോധവും എടുത്തുകാണിക്കുന്നു.

മത്സരങ്ങൾ നിയന്ത്രിക്കുന്ന 1,244 ഉദ്യോഗസ്ഥരുടെയും മേള കവർ ചെയ്യുന്ന 400 മാധ്യമ പ്രവർത്തകരുടെയും പരിശ്രമം കൊണ്ടാണ് ഈ മേള വൻ വിജയമായതും കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കപ്പെടുകയും ചെയ്തത്. ഒളിമ്പ്യൻ പി ആർ ശ്രീജേഷായിരുന്നു മേളയുടെ ബ്രാൻഡ് അംബാസഡർ.
ശ്രീജേഷിനെ പോലുള്ള താരങ്ങളെ സൃഷ്ടിക്കലാണ് ഈ മേളയുടെ ലക്ഷ്യം.

നാലുവർഷത്തിൽ ഒരിക്കൽ ഇങ്ങനെ ഒളിമ്പിക്സ് മാതൃകയിൽ മേള നടത്താം എന്നാണ് ആദ്യം കരുതിയത്. എന്നാൽ ഈ മേളയുടെ വലിയ വിജയവും ഇൻക്ലൂസീവ് സ്പോർട്സ് ചേർത്തപ്പോൾ ഉണ്ടായ അനുഭവവും ഒളിമ്പിക്സ് മാതൃകയിലുള്ള മേള എല്ലാവർഷവും നടത്തണമെന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റി. അടുത്ത തവണ  മേള തിരുവനന്തപുരത്താകും നടത്തുക. 

കായികതാരങ്ങൾക്കുള്ള  പാരിതോഷിക തുക വർദ്ധിപ്പിക്കുന്ന കാര്യവും പരിഗണനയിലാണ്.ഗ്രേസ്മാർക്ക് സംബന്ധിച്ചും പുനർവിചിന്തനങ്ങൾ ഉണ്ടാകും.കായിക അധ്യാപകർക്ക് ചില പ്രശ്നങ്ങളുണ്ട്, അതിനും പരിഹാരം കാണും.കേരള സ്കൂൾ കായികമേള  കൊച്ചി '24 വലിയ വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും മന്ത്രി വി ശിവൻകുട്ടി നന്ദി പറഞ്ഞു