തിരുവനന്തപുരം മെട്രോ പദ്ധതിക്ക് നിർണായക മുന്നേറ്റം

അന്തിമ ഡി.പി.ആർ ഉടൻ സർക്കാരിന്, അനുമതി ലഭിച്ച് ആറുമാസത്തിനകം നിർമ്മാണം
 
Kerala

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ അന്തിമ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) സംസ്ഥാന സർക്കാരിന് ഉടൻ സമർപ്പിക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) അറിയിച്ചു. സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും അനുമതി ലഭിക്കുന്നതോടെ ആറുമാസത്തിനകം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. വർഷങ്ങളായി കാത്തിരുന്ന മെട്രോ പദ്ധതിക്ക് ഇതോടെ നിർണായക മുന്നേറ്റമാകുമെന്നാണ് വിലയിരുത്തൽ. 

പദ്ധതിയുടെ ആദ്യഘട്ടത്തിൽ ടെക്നോസിറ്റിയിൽ നിന്ന് പള്ളിച്ചൽ വരെയും കഴക്കൂട്ടത്ത് നിന്ന് കിള്ളിപ്പാലം വരെയും രണ്ട് ഇടനാഴികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക, പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുക, നഗരവികസനത്തിന് പുതിയ ദിശ നൽകുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. 

പാതയുടെ അലൈൻമെന്റിന് നേരത്തേ അംഗീകാരം ലഭിച്ചതിനെ തുടർന്ന് അന്തിമ ഡി.പി.ആർ തയ്യാറാക്കുന്ന നടപടികൾ അവസാനഘട്ടത്തിലാണ്. പദ്ധതിയുടെ ചെലവ് ഏകദേശം 11,600 കോടി രൂപ വരുമെന്നാണ് പ്രാഥമിക കണക്ക്. ഡി.പി.ആർ സമർപ്പിച്ച ശേഷം സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തിനും തുടർന്ന് കേന്ദ്ര സർക്കാരിന്റെ അനുമതിക്കുമായി പദ്ധതി കൈമാറും. 

അനുമതികൾ സമയബന്ധിതമായി ലഭിച്ചാൽ ഭൂമി ഏറ്റെടുക്കൽ, യൂട്ടിലിറ്റി മാറ്റിസ്ഥാപിക്കൽ തുടങ്ങിയ പ്രാരംഭ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ആറുമാസത്തിനകം നിർമാണം ആരംഭിക്കാനാണ് കെ.എം.ആർ.എല്ലിന്റെ പദ്ധതി. തിരുവനന്തപുരം നഗരത്തിന്റെ പൊതുഗതാഗത രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന പദ്ധതിയായാണ് മെട്രോയെ കാണുന്നത്.