കോതമംഗലത്തും പന്തളത്തുമുണ്ടായ അപകടങ്ങളിൽ മൂന്നുപേർ മരിച്ചു

 
accident

കൊച്ചി: കോതമംഗലത്ത് ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഞായറാഴ്ച പുലർച്ചെ നാലിന് പെരുമ്പാവൂർ റോഡിൽ നെല്ലിക്കുഴി കമ്പനിപ്പടിയിലാണ് സംഭവം. എടവനക്കാട് പഴങ്ങാട് അഴീവേലിക്കത്ത് അമാനുദീൻ (28), കുഴിപ്പിള്ളിക്കര വലിയ വീട്ടിൽ മുഹമ്മദ് സാജിദ് (23) എന്നിവരാണ് മരിച്ചത്.

റോഡിൽ ഹെൽമറ്റും ബൈക്കും കിടക്കുന്നത് കണ്ട കാൽനടയാത്രക്കാരൻ പരിശോധിച്ചപ്പോഴാണ് രണ്ട് യുവാക്കൾ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. കോതമംഗലത്ത് നിന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബൈക്കിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നും പോലീസ് അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

പന്തളത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെ പന്തളം കരുമ്പള സ്‌കൂളിന് സമീപമായിരുന്നു അപകടം. കാർ യാത്രക്കാരൻ തിരുവനന്തപുരം സ്വദേശി ജോസഫ് (66) ആണ് മരിച്ചത്. കരുനാഗപ്പള്ളി സ്വദേശി അഭി (32) ആണ് കാർ ഓടിച്ചിരുന്നത്.

പരിക്കേറ്റ ഇയാളെ അടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടൂരിൽ നിന്ന് അഗ്നിശമന സേനയെത്തി കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.