ജുവനൈൽ നിയമത്തിൽ കാലോചിതമായ മാറ്റം അനിവാര്യം; ഭദ്രപക്ഷം സെമിനാറിന് തുടക്കമായി
കൊച്ചി: ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കൗമാരക്കാർ പ്രായത്തിന്റെ ആനുകൂല്യത്തിൽ നിയമ പഴുതുകളിലൂടെ രക്ഷപ്പെടുന്ന അവസ്ഥ മാറണമെന്ന് നിയമ-സാമൂഹിക-മാനസികാരോഗ്യ രംഗത്തെ വിദഗ്ധർ.
ജുവനൈൽ നീതിന്യായ വ്യവസ്ഥയിൽ സമഗ്രമായ മാറ്റം ആവശ്യപ്പെട്ട് ആരംഭിച്ച ജനകീയ മുന്നേറ്റമായ 'ഭദ്രപക്ഷം' കാമ്പയിന്റെ ഭാഗമായി ചേരാനല്ലൂരിൽ സംഘടിപ്പിച്ച അഭിപ്രായ രൂപീകരണ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
ക്രിമിനൽ ബാധ്യത നിർണയിക്കുന്നതിനുള്ള നിയമപരമായ പ്രായപരിധി 18-ൽ നിന്നും 15 വയസ്സായി കുറയ്ക്കണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
നിർഭയ കേസിൽ ക്രൂരമായ പീഡനം നടത്തിയ ജുവനൈൽ പ്രതിക്ക് ലഭിച്ചത് കേവലം മൂന്ന് വർഷത്തെ ശിക്ഷ മാത്രമാണെന്നും, അടുത്തിടെ പൂനെയിൽ വാഹനം ഇടിപ്പിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ 17 വയസ്സുകാരനോട് ഉപന്യാസം എഴുതാൻ മാത്രം കോടതി ആവശ്യപ്പെട്ടത് നിയമവ്യവസ്ഥയുടെ വലിയ പോരായ്മയാണെന്നും അഡ്വ. ജയശങ്കർ വ്യക്തമാക്കി. ജുവനൈൽ നിയമത്തിലെ ഈ ശിക്ഷാ ഇളവുകൾ മുതലെടുത്ത് ഗുണ്ടാസംഘങ്ങൾ ഉൾപ്പെടെയുള്ളവർ കുട്ടികളെ ക്രൂരമായ കുറ്റകൃത്യങ്ങൾക്കായി കരുവാക്കുന്നുണ്ട്. അതിനാൽ നിയമത്തിൽ കർശന ഭേദഗതികൾ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വളരെ ശാന്തമായ ഒരു സാഹചര്യത്തിൽ രൂപീകരിച്ച നിയമങ്ങളാണ് സങ്കീർണ്ണമായ ഇന്നത്തെ സാഹചര്യങ്ങളിൽ പ്രായോഗികമാക്കാൻ ശ്രമിക്കുന്നതെന്ന് സൈക്കോളജിസ്റ്റ് ഡോ.അശ്വതി അഭിപ്രായപ്പെട്ടു. കൗമാരപ്രായത്തിൽ വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സഹായിക്കുന്ന തലച്ചോറിലെ 'പ്രീ-ഫ്രോണ്ടൽ കോർട്ടെക്സ്' പൂർണ്ണമായും വികസിക്കാത്തതിനാൽ കുട്ടികൾ വൈകാരികമായി പ്രവർത്തിക്കുകയും സുഹൃത്തുക്കളുടെ സ്വാധീനത്തിനും ഹീറോയിസത്തിനും എളുപ്പത്തിൽ വഴങ്ങുകയും ചെയ്യും. അതിനാൽ ഇത്തരം കേസുകളിൽ കുറ്റവാളികളുടെ പ്രായം മാത്രം മാനദണ്ഡമാക്കാതെ അവരുടെ മാനസികവും ബുദ്ധിപരവുമായ വളർച്ച വിലയിരുത്താൻ കൃത്യമായ കോഗ്നിറ്റീവ് അസെസ്മെന്റുകൾ നടത്തേണ്ടത് അത്യാവശ്യമാണെന്ന് അവർ വ്യക്തമാക്കി.
ഇന്നത്തെ തലമുറയ്ക്ക് നിയമത്തെക്കുറിച്ച് അറിവോ ഭയമോ ഇല്ലെന്നും, പോലീസ് സ്റ്റേഷനിൽ എത്തിയാൽ പോലും യാതൊരു കൂസലുമില്ലാതെ പെരുമാറുന്ന അവസ്ഥയാണുള്ളതെന്നും അഡ്വ. കാർത്തിക മരിയ പറഞ്ഞു. ഈ സാഹചര്യം മാറാൻ നിയമപഠനം സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.
ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന കുട്ടികളെ കൃത്യമായ വിലയിരുത്തലുകൾ പോലുമില്ലാതെ ജുവനൈൽ ബോർഡുകൾ നിസ്സാര വ്യവസ്ഥകളിൽ വെറുതെ വിടുന്ന അവസ്ഥയാണുള്ളതെന്നും, ഇത് ഇരകൾക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും കോട്ടയം സ്വദേശി ജോൺസൺ ജോർജ് തൻ്റെ അനുഭവം മുൻനിർത്തി വിശദീകരിച്ചു.
സാങ്കേതിക അറിവും എക്സ്പോഷറും ലഭിക്കുന്ന പുതുതലമുറയെ നേർവഴിക്ക് നയിക്കാൻ നിയമങ്ങളും വിദ്യാഭ്യാസ സമ്പ്രദായവും മാറേണ്ടതുണ്ടെന്ന് സെൻ്റ് തെരാസസ് കോളേജ് ചെയർപേഴ്സൻ മേഘ മരിയ ജോസഫ് പറഞ്ഞു.
പഴയ കാലത്ത് രൂപീകരിച്ച നിയമങ്ങൾ ഇന്നത്തെ കാലത്ത് പ്രായോഗികമല്ലെന് ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്തംഗം രാജേഷ് കെ.ജി ചൂണ്ടിക്കാട്ടി. അതിനാൽ കാലോചിതമായി ജുവനൈൽ നിയമങ്ങൾ പൊളിച്ചെഴുതുന്നതിനൊപ്പം തന്നെ പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയാൻ റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പിലാക്കണം. നിയമത്തിലെ അപര്യാപ്തതകൾ കാരണം നിരപരാധികൾക്ക് നീതി നിഷേധിക്കപ്പെടുന്ന ദുരവസ്ഥ ഇനിയെങ്കിലും മാറണമെന്നും അദ്ദേഹം പറഞ്ഞു.
ജെയിൻ യൂണിവേഴ്സിറ്റി ന്യു ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് മോഡറേറ്ററായ ചർച്ചയിൽ ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച കാറിടിച്ച് മരിച്ച ജയപാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി,സാമൂഹിക-നിയമ രംഗത്തെ പ്രമുഖർ, പ്രദേശവാസികൾ എന്നിവർ സെമിനാറിൽ പങ്കെടുത്തു.
ഭദ്രകീർത്തിയും ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫും ചേർന്നാണ് ജനകീയ പ്രചാരണത്തിന് തുടക്കമിട്ടത്.