തലസ്ഥാന നഗരിയിൽ വീണ്ടും ടിപ്പർ അപകടം; യുവാക്കളെ തട്ടി 100 മീറ്ററോളം വലിച്ചിഴച്ചു
തിരുവനന്തപുരം: കാട്ടാക്കടയിൽ വീണ്ടും ടിപ്പർ അപകടം. സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ച ശേഷം ടിപ്പർ യുവാവിനെ 100 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. കാട്ടാക്കട നക്രംചിറയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തും കൈകളിലും കാലുകളിലും സാരമായ പരിക്കുണ്ട്. യുവാക്കളുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം ബേക്കറി ജംക്‌ഷനു സമീപം പനവിളയിൽ ടിപ്പർ ഇടിച്ചു മലയിൻകീഴിലെ സുധീർ മരിച്ചിരുന്നു. തമ്പാനൂർ ഭാഗത്തുനിന്ന് വന്ന ടിപ്പർ സുധീറിൻ്റെ ബൈക്കിൽ ഇടിച്ച് തെറിച്ചുവീഴുകയായിരുന്നു. സുധീറിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലസ്ഥാന നഗരിയിൽ ടിപ്പർ അപകടങ്ങൾ വർധിക്കുന്നു. വിഴിഞ്ഞത്ത് ലോറിയിൽ നിന്ന് പാറക്കെട്ട് താഴേക്ക് മറിഞ്ഞ് ബിഡിഎസ് വിദ്യാർത്ഥി മരിച്ചു. മുക്കോല സ്വദേശി അനന്തുവാണ് മരിച്ചത്. കൈയ്ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.