'മൂട്ടശല്യമുള്ള കട്ടിലുകൾ മാറ്റാനാണ്'; വ്യാജ കാരണം പറഞ്ഞ് ഹോസ്റ്റൽ കട്ടിലുകൾ മോഷ്ടിക്കാൻ ശ്രമിച്ച മുൻവിദ്യാർഥി പിടിയിൽ
കൊച്ചിയിലെ മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ നിന്ന് എട്ട് കട്ടിലുകൾ മോഷ്ടിക്കാൻ ശ്രമിച്ച മുൻവിദ്യാർഥിയെ എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു. അങ്കമാലി സ്വദേശിയായ 23-കാരനാണ് പിടിയിലായത്. ഇയാൾ 2024-ൽ മഹാരാജാസ് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ വ്യക്തിയാണെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. ഓൺലൈൻ ആപ്പ് വഴി ബുക്ക് ചെയ്ത മിനി ലോറിയിൽ ഹോസ്റ്റലിലെ എട്ട് കട്ടിലുകൾ കയറ്റുന്നതിനിടെയാണ് ഇയാളെ ജീവനക്കാർ ചോദ്യം ചെയ്തത്. കട്ടിലുകളിൽ മൂട്ടശല്യമുള്ളതിനാൽ സ്പ്രേ ചെയ്യാൻ കൊണ്ടുപോകുകയാണെന്നായിരുന്നു ഇയാളുടെ വിശദീകരണം. എന്നാൽ ഇതിന് ആരാണ് അനുമതി നൽകിയതെന്ന് വ്യക്തമാക്കാൻ കഴിയാതെ വന്നതോടെ ഹോസ്റ്റൽ അധികൃതർ പൊലീസിനെ വിവരം അറിയിച്ചു.
പരിശോധനയിൽ അഞ്ച് കട്ടിലുകൾ അഴിച്ചുമാറ്റിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും കട്ടിലുകൾ കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം പിടിച്ചെടുക്കുകയും ചെയ്തു.
പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ കോളേജിലെ ചില വിദ്യാർഥികളുമായി ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. മോഷണശ്രമത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം ഉൾപ്പെടെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.