ശ്രീപത്മനാഭനെ കാണാൻ തിരുവനന്തപുരത്തുകാർക്ക് പ്രത്യേക ക്യൂ വേണം : മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു
Jul 6, 2024, 18:58 IST
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആയിരകണക്കിന് ഭക്തജനങ്ങൾ ദർശനത്തിനെത്തുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ തിരുവനന്തപുരം നിവാസികൾക്ക് വേണ്ടി പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യത്തിൽ
മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി.
ഗുരുവായൂർ ക്ഷേത്രത്തിലും തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളിലും തദ്ദേശീയരായ ഭക്ത ജനങ്ങൾക്ക് നിലവിലുള്ള സംവിധാനം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലും നടപ്പാക്കണമെന്നാണ് ആവശ്യം.
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന ക്ഷേത്രത്തിൽ തിരുവനന്തപുരത്തുകാരായ സാധാരണകാർക്ക് ദർശനം നടത്താൻ കഴിയുന്നില്ലെന്നാണ് പരാതി. പ്രത്യേക ക്യൂ സംവിധാനം നിലവിൽ വന്നാൽ ഭരണ ഘടന ഉറപ്പു നൽകുന്ന ആരാധനാ സ്വതന്ത്ര്യം ഉറപ്പാക്കാമെന്ന് പരാതിക്കാരായ കവടിയാർ ഹരികുമാർ, അഡ്വ. വിജയകുമാർ എന്നിവർ പരാതിയിൽ പറഞ്ഞു.