മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

 
ganesh

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. എല്ലാ ആർടി ഓഫീസുകളിലും ക്യാമറകൾ ഉണ്ടെന്നും ഉദ്യോഗസ്ഥരുടെ സമീപത്ത് ഏതെങ്കിലും ഏജൻ്റ് നിൽക്കുന്നത് കണ്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അടുത്തിടെ മലപ്പുറത്ത് നിന്ന് ഒരു വീഡിയോ കാണുമ്പോൾ ഒരു ഏജൻ്റ് ഓഫീസറുടെ മേശപ്പുറത്ത് ഫയൽ നോക്കുന്നത് കണ്ടു. ഇനി ഒരു ഏജൻ്റിനെയും കൗണ്ടറിനുള്ളിൽ കയറാൻ അനുവദിക്കില്ല. ആരെങ്കിലും കയറിയാൽ ഉദ്യോഗസ്ഥനെ പിരിച്ചുവിടുമെന്നും ഗണേഷ് വിശദീകരിച്ചു.

‘ഗണേഷ് കുമാർ കെഎസ്ആർടിസിയുടെ മാത്രമല്ല സ്വകാര്യ ബസുകളുടെ മന്ത്രി കൂടിയാണ്. കേരളത്തിൽ കൂടുതൽ സ്വകാര്യ ബസുകൾ ആവശ്യമാണ്. 2001-2002 കാലത്ത് ഏകദേശം 32,000 സ്വകാര്യ ബസുകൾ ഉണ്ടായിരുന്നു. 2006ൽ ഇത് 40,000-ത്തിനടുത്തായിരുന്നു. എന്നാൽ ഇപ്പോൾ 7000 ബസുകൾ മാത്രമാണുള്ളത്.

സ്വകാര്യ ബസും കെഎസ്ആർടിസിയും തമ്മിലുള്ള മത്സര ഓട്ടമാണ് ഇതിന് കാരണം. ഈ ഓട്ടം കാരണം രണ്ടുപേരും മോശമായി. കോട്ടയം-കുമളി റോഡ് പ്രയോജനപ്പെടുത്തുന്നില്ല. സ്വകാര്യ ബസുകൾ സർവീസ് നടത്തട്ടെ. കേരളത്തിൻ്റെ എല്ലാ മുക്കിലും മൂലയിലും പൊതുഗതാഗതം എത്തിക്കുന്നതിനുള്ള സംവിധാനം കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി കെഎസ്ആർടിസിയെ കുറിച്ചും സംസാരിച്ചു. കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് രണ്ടര വർഷം കൊണ്ട് സുഗമമായി പ്രവർത്തിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയിലെ പത്തു ശതമാനം ജീവനക്കാർ കുഴപ്പക്കാരാണ്. ബാക്കിയുള്ള 90 ശതമാനവും കഠിനാധ്വാനികളാണ്. കിട്ടുന്ന പണം ദുരുപയോഗം ചെയ്യുന്നതാണ് തൊഴിലാളികളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം.

അത് പരിഹരിച്ചാൽ കെഎസ്ആർടിസിക്ക് സുഗമമായി പ്രവർത്തിക്കാനാകും. കെഎസ്ആർടിസിയെ പിന്തുണയ്ക്കാൻ സോഫ്റ്റ്‌വെയർ കൊണ്ടുവരും. ഇതിന് മുഖ്യമന്ത്രിയിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.